പേയാട്: എന്നും രാവിലെ അഞ്ചു മണി മുതല്‍ ഏഴ് മണിവരെ ഇരുപതോളം ആളുകള്‍ ചേര്‍ന്ന് പേയാടും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നത് കാണാം. പഞ്ചായത്തിന്റെ ശുചീകരണ ജോലിക്കാരോ ഹരിതകര്‍മ്മസേനാംഗങ്ങളോ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. അത് പേയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരികകൂട്ടായ്മയായ പേയാട് സൗഹൃദവേദിയിലെ അംഗങ്ങളാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്ത് നാട്ടിലെ പാതയോരങ്ങള്‍ വൃത്തിയാക്കുക എന്ന മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധനേടുകയാണ് പേയാട് സൗഹൃദവേദി.
അരുവിപ്പുറം റോഡിലെ മാലിന്യം നിക്ഷേപിക്കലും അതുമൂലമുള്ള തെരുവുനായ ശല്യവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസ്‌കാരിക കൂട്ടായ്മയായ പേയാട് സൗഹൃദവേദി ഇത്തരമൊരു പ്രവര്‍ത്തനം വെല്ലുവിളിയായി സ്വീകരിച്ചത്. ഈ പ്രദേശങ്ങളില്‍ വന്‍തോതിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളുടെ ശല്യം കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി പേയാട് അരുവിപ്പുറം റോഡിന്റെ വശങ്ങള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുലര്‍ച്ചെ അഞ്ച് മുതല്‍ ഏഴ് വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന സൗഹൃദവേദി അംഗങ്ങളാണ് ശുചീകരണയജ്ഞത്തിന് നേതൃത്വം കൊടുക്കുന്നത്. പേയാട് അമ്മന്‍കോവില്‍ ജങ്ഷന്‍ മുതല്‍ കെ.എസ്.ഇ.ബി ഓഫീസ് വരെയുള്ള പ്രദേശത്തെ മുഴുവന്‍ മാലിന്യങ്ങളും ചപ്പുചവറുകളും സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നീക്കംചെയ്തു കഴിഞ്ഞു. അരുവിപ്പുറം വില്ലവരെയുള്ള ഭാഗങ്ങള്‍ വൃത്തിയാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. തുടക്കത്തില്‍ സൗഹൃദ വേദി അംഗങ്ങള്‍ മാത്രമാണ് ശുചീകരണപരിപാടിയില്‍ പങ്കാളികളായിരുന്നത്. എന്നാല്‍ നിലവില്‍ ഇവരോടൊപ്പം നാട്ടുകാരും പരി പൂര്‍ണപിന്തുണയുമായി പങ്കെടുക്കുന്നുണ്ടെന്നും ശുചീകരണപ്രവര്‍ത്തിയിലൂടെ ലഭ്യമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറുമെന്ന് സൗഹൃദവേദി അംഗങ്ങള്‍ പറയുന്നു.