Thursday, June 25, 2026
No menu items!
Homeവാർത്തകൾദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയെ തുടർന്ന് ബിജെപി കൗൺസിലർമാർ വീണ്ടും...

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയെ തുടർന്ന് ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നഗരസഭയിലെ ആകെ 20 ബിജെപി കൗൺസിലർമാരിൽ 19 പേരാണ് കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. വൈകിട്ട് നാലരയ്ക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ വിവി രാജേഷ് അംഗങ്ങൾക്ക് നിയമപ്രകാരമുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. എന്നാൽ കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്‌ പിവി കുഞ്ഞികൃഷ്ണൻ, നാലാഴ്ചയ്ക്കകം കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം ജനപ്രതിനിധികൾ ഒരു കോടതി വിധിയെത്തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. ഡെപ്യൂട്ടി മേയർ കൂടിയായ ആശാ നാഥും (കരുമം) ഇത്തരത്തിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്തവരുടെ കൂട്ടത്തിലുണ്ട്

അതേസമയം, തിടുക്കത്തിൽ സംഘടിപ്പിച്ച ഈ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ എൽഡിഎഫ് രംഗത്തുവന്നു. മറ്റ് ജനപ്രതിനിധികൾ ആരും അറിയാതെ തികച്ചും നിയമവിരുദ്ധമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ച് നടത്തിയ ഈ ചട്ടവിരുദ്ധ ചടങ്ങ് തടയണമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്പി ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്‌ഷൻ 143 പ്രകാരം മുനിസിപ്പാലിറ്റി കൗൺസിലർമാർ തങ്ങളുടെ ഓഫീസ് ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപായി ചെയ്യുന്ന സത്യപ്രതിജ്ഞ മൂന്നാം ഷെഡ്യൂൾ പ്രകാരം ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞ’ എന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്. എന്നാൽ ബിജെപി കൗൺസിലർമാർ ‘ഗുരുദേവ നാമത്തിൽ’, ‘ഉദയന്നൂർ ദേവിയുടെ നാമത്തിൽ’, ‘ഭഗവത് നാമത്തിൽ’, ‘കാവിലമ്മയുടെ നാമത്തിൽ’, ‘ശ്രീ പത്മനാഭസ്വാമിയുടെ നാമത്തിൽ’, ‘ഭാരതാംബയുടെ നാമത്തിൽ’ തുടങ്ങിയ രൂപങ്ങളിലാണ് മുൻപ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടപ്രകാരമല്ലാത്ത ഇത്തരം സത്യപ്രതിജ്ഞകൾ നിയമപരമായി അസാധുവാണെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാർ:

ചെമ്പഴന്തി ഉദയൻ (മണ്ണന്തല), 2. വിഷ്ണു മോഹൻ (പാങ്ങോട്), 3. സൂര്യ വി.എസ് (വലിയശാല), 4. ശ്രീദേവി എസ്.കെ (പൊന്നുമംഗലം), 5. പാപ്പനംകോട് സജി (മേലാംകോട്), 6. ആർ.സി. ബീന (നെടുംകാട്), 7. ആശാനാഥ് ജി.എസ് (കരുമം), 8. വയൽക്കര രതീഷ് (പൂങ്കുളം), 9. വിനോദ് ആർ (ചെറുവയ്ക്കൽ), 10. ഗോപകുമാർ (തിരുവല്ലം), 11. ശ്രുതി എസ്.എസ് (ആറ്റുകാൽ), 12. വി. ഗിരി (കമലേശ്വരം), 13. സരിത പി (മണക്കാട്), 14. ഹരികുമാർ എസ് (ഫോർട്ട്), 15. ദീപ എസ്. നായർ (പെരുന്താന്നി), 16. സുകന്യ ഒ (ശ്രീകണ്ഠേശ്വരം), 17. ജയ രാജീവ് (കടകംപള്ളി), 18. സുനിൽ എസ്.എസ് (ആറ്റിപ്ര), 19. അഡ്വ. മിനി പി.എസ് (ആക്കുളം).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments