തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ മത്സര പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് ഉദ്യോഗാർഥിക്ക് നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം അരുമാനൂർ സ്വദേശി സുനിൽ നൽകിയ അപ്പീൽ ഹർജിയിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. ശ്രീകുമാർ എം ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരം കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ ലഭിച്ച മറുപടി തൃപ്തികരമല്ലാത്തതിനെത്തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടത്.
സുപ്രീം കോടതിയുടെ വിധി ന്യായങ്ങൾ ഉദ്ധരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ 15 ദിവസത്തിനുള്ളിൽ ഉത്തരക്കടലാസിന്റെ പകർപ്പ് ഹർജിക്കാരന് ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയുടെ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളും എഴുത്തു പരീക്ഷയിൽ ഹർജിക്കാരന് ഓരോ ചോദ്യത്തിന് ലഭിച്ച മാർക്കും ഉത്തരം കടലാസിന്റെ പകർപ്പും ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ വിവരാവകാശം നൽകിയിരുന്നത്. ഇതിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം.



