വയനാട്: വയനാട് ദുരന്തത്തില്‍ മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു. ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് ഇവയെല്ലാം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് ഇന്നലെ രാത്രി 10.20 ന് ആയിരുന്നു സംസ്‌കാരം.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമാണ് സംസ്‌കാരം നടന്നത്. വിവിധ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് സംസ്‌കരിച്ചത്. ചൂരല്‍ മല സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ജിബിന്‍ വട്ടക്കളത്തില്‍, മേപ്പാടി മാരിയമ്മന്‍ കോവില്‍ കര്‍മി കുട്ടന്‍, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫല്‍ ഫൈസി തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാരായ ഒ ആര്‍ കേളു, കെ രാജന്‍, എ കെ ശശീന്ദ്രന്‍, എംബി രാജേഷ്, ടി സിദ്ധീഖ് എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സ്‌പെഷ്യല്‍ ഓഫീസര്‍ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, മതനേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.



