ന്യൂഡൽഹി: രാജ്യത്തെ വിവിധ കോടതികളിൽ 8.82 ലക്ഷത്തിലധികം ‘എക്സിക്യൂഷൻ പരാതികൾ’ തീർപ്പാക്കാതെ കിടക്കുന്നത് നിരാശജനകവും അലട്ടുന്നതുമാണെന്ന് സുപ്രീംകോടതി. സിവിൽ വ്യവഹാരങ്ങളിൽ കോടതി ഉത്തരവുകൾ നടപ്പാക്കാൻ ആവശ്യപ്പെടുന്ന അപേക്ഷകളാണ് എക്സിക്യൂഷൻ പെറ്റീഷനുകൾ. എല്ലാ ഹൈകോടതികളും തങ്ങളുടെ അധികാരപരിധിയിലുള്ള സിവിൽ കോടതികളോട് എക്സിക്യൂഷൻ പെറ്റീഷനുകൾ ആറുമാസത്തിനുള്ളിൽ തീർപ്പാക്കാൻ നിർദേശിക്കണമെന്ന് മാർച്ച് ആറിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ തൽസ്ഥിതി പരിശോധിക്കുമ്പോഴാണ് ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് നിരാശ പ്രകടിപ്പിച്ചത്. കോടതി ഉത്തരവ് നടപ്പാകാൻ വർഷങ്ങൾ എടുക്കുകയാണെങ്കിൽ നീതി പരിഹസിക്കപ്പെടുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.



