തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയത്തിന്റെ പ്രതീകമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത്. അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക് നീങ്ങുന്നതിന്റെ പ്രതീകമാണ് സന്ധ്യാ ദീപങ്ങൾ. അതുകൊണ്ടുതന്നെയാണ് ഇത് ദീപങ്ങളുടെ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും. രാവിനെ പകലാക്കി വീടുകളും മറ്റു സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചും പടക്കംപൊട്ടിച്ചുമാണ് ആഘോഷം.
പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘500 വര്‍ഷങ്ങള്‍ക്കു ശേഷം ഭഗവാന് ശ്രീരാമന് അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രൗഢമായ ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്’- മോദി എക്സില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.
സംസ്ഥാനത്ത് ഒരുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണെങ്കില് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷമാണ് ദീപാവലി. ഇക്കൊല്ലം കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ദീപാവലി ഒരേ ദിവസം തന്നെ. കാരണം 31ന് പകല്‍ 23 നാഴിക 54 വിനാഴിക വരെ ചതുര്ദശിയും അതുകഴിഞ്ഞ് കറുത്ത വാവുമാണ്. രാവണവധവും 14വര്‍ഷത്തെ വനവാസവും കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതും, ശ്രീകൃഷ്ണന് നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതിഹ്യങ്ങള്‍ നിരവധി. ജൈനമതക്കാര്‍ മഹാവീരന്റെ നിര്‍വാണം നേടിയ ദിവസമായാണ് ദീപാവലി ദിനത്തെ അനുസ്മരിക്കുന്നത്.



