കൊച്ചി: ഭാവഗായകൻ പി ജയചന്ദ്രൻ തനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നുവെന്ന് നടൻ മോഹൻലാൽ. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന അദ്ദേഹത്തിൻ്റെ ശബ്ദം എല്ലാ മലയാളികളെയും പോലെ താനും നെഞ്ചോടു ചേർത്തുപിടിച്ചെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
‘പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.’ മോഹൻലാൽ കുറിച്ചു.
ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രൻ്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.