ചെന്നൈ: തമിഴ്നാട്ടിലെ ഉയർന്ന പോളിങ് ശതമാനം ആരെ തുണക്കുമെന്ന ആകാംക്ഷയിൽ ഡിഎംകെ,എഐഡിഎംകെ മുന്നണികളും ടിവികെയും. ഉയർന്ന പോളിങ് ശതമാനം ഭരണവിരുദ്ധ വികാരമുണ്ടെന്ന സൂചനയാണെന്നാണ് അണ്ണാഡിഎംകെ അവകാശപ്പെടുന്നത്. ഭരണാനുകൂല വികാരത്തിനൊപ്പം സംസ്ഥാനത്തെ ബിജെപി വിരുദ്ധ വികാരവും വോട്ടിങ് ശതമാനത്തിൽ പ്രതിഫലിച്ചു എന്നാണ് ഡിഎംകെ കണക്കുകൂട്ടൽ. ഇരു മുന്നണിക്കുമെതിരായ മുന്നേറ്റത്തിന്റെ സൂചനയെന്നാണ് ടിവികെയുടെ അവകാശവാദം.പോളിങ് ശതമാനത്തിൽ റെക്കോർഡ് വർധനവാണ് ഇത്തവണ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ഇത് ആരെ തുണക്കുമെന്ന ആശങ്കയിലാണ് ഡിഎംകെ, എ ഐടിഎംകെ മുന്നണികളും വിജയ്യുടെ ടിവികെയും. ഭരണാനുകൂല വികാരത്തിന് ഒപ്പം ബിജെപിക്കും കേന്ദ്രസർക്കാരിനെതിരെ തുടർച്ചയായി സ്വീകരിച്ച ശക്തമായ നിലപാടിന് ദ്രാവിഡ മണ്ണ് വോട്ടുചെയ്തെന്നാണ് ടിഎംകെയുടെ അവകാശവാദം. വനിതാ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള ബിജെപി നീക്കത്തിനെതിരായ പ്രചാരണവും വിജയമായെന്നും ഡിഎംകെ കണക്കുകൂട്ടുന്നു. ഭരണത്തിനെതിരെയ വികാരം വോട്ടിങ് ശതമാനം ഉയർത്തിയെന്നാണ് എഐഡിഎംകെ ബിജെപി സഖ്യം അവകാശപ്പെടുന്നത്. സർവേഫലങ്ങൾ മറികടന്നുള്ള വിജയം ഉണ്ടാകുമെന്നും എഐഡിഎംകെ- ബിജെപി കൂട്ടുകെട്ട് പ്രതീക്ഷിക്കുന്നു. അപ്പോഴും ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത് നടൻ വിജയിയുടെ ടിവികെക്ക് പോയ വോട്ടുകളാണ്. വിജയ് യുവജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം വോട്ടായി മാറിയാൽ ഇരുമുന്നണികളുടെയും വിജയപരാജയങൾ തീരുമാനിക്കാൻ അതിന് കഴിയും. ചുരുക്കത്തിൽ കണക്കുകൂട്ടലുകൾക്കും അപ്പുറമാകും തമിഴ്നാട്ടിലെ രാഷ്ട്രീയ വിധി നിർണയം.



