അടുത്തിടെ സ്വിഗി ഇൻസ്റ്റാമാർട്ടും ഒരു യൂസറും തമ്മിൽ നടന്ന സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. എക്സിൽ (ട്വിറ്റർ) തമാശയ്ക്ക് ഒരാളിട്ട പോസ്റ്റാണ് രസകരമായ ഒരു സംഭവത്തിലേക്ക് വഴി മാറിയത്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് യൂസറായ ഗോപേഷ് ഖേതൻ എന്നയാളാണ് പോസ്റ്റിട്ടത്. സാധാരണ ഇൻസ്റ്റാമാർട്ടിൽ ഓർഡർ ചെയ്യുമ്പോൾ സൗജന്യമായി മല്ലിയില കൂടി നൽകുന്നതിനെ കളിയാക്കിക്കൊണ്ടായിരുന്നു ആദ്യം പോസ്റ്റിട്ടത്. മല്ലിയില തരുന്നവർക്ക് ഒരു മാസത്തേക്ക് വേണ്ടുന്ന സാധനങ്ങൾ സൗജന്യമായി നൽകിക്കൂടേ എന്നായിരുന്നു അടുത്തതായി ഇയാളുടെ ചോദ്യം. ഒപ്പം തന്റെ ഒഴിഞ്ഞ ഫ്രിഡ്ജിന്റെ ചിത്രം കൂടി ഇയാൾ പോസ്റ്റ് ചെയ്തു. സ്വിഗി ഇൻസ്റ്റാമാർട്ടിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. എന്നാൽ, ഖേതനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു ഇൻസ്റ്റാമാർട്ടിന്റെ പ്രതികരണം. താൻ നോട്ടും പേപ്പറുമായി റെഡിയാണ് എന്തൊക്കെയാണ് വേണ്ടതെന്ന് അറിയിക്കൂ എന്നായിരുന്നു സ്വിഗി ഇൻസ്റ്റാമാർട്ട് കുറിച്ചത്. എന്നാൽ, ഇതെല്ലാം തമാശയായി അവസാനിക്കും എന്നാണ് തന്റെ വീടിന്റെ കോളിംഗ് ബെൽ മുഴങ്ങും വരെ ഇയാൾ കരുതിയത്. എന്നാൽ, സ്വിഗി ഇൻസ്റ്റാമാർട്ട് ഖേതനെ ഞെട്ടിച്ചുകൊണ്ട് ഒരു മാസത്തേക്കുള്ള സാധനങ്ങൾ ഇയാൾക്ക് എത്തിച്ചു കൊടുത്തു.
നൂഡിൽസും ബ്രെഡും അടക്കം വിവിധ സാധനങ്ങളാണ് ഇൻസ്റ്റാമാർട്ട് എത്തിച്ചു കൊടുത്തത്. തമാശയായി പറഞ്ഞതാണ് എങ്കിലും ഒരു മാസത്തെ റേഷൻ എത്തിയപ്പോൾ ഖേതനാകെ ഞെട്ടിപ്പോയി എന്ന് പറയേണ്ടതില്ലല്ലോ. ഇതെല്ലാം വച്ച് നിറഞ്ഞ തന്റെ ഫ്രിഡ്ജിന്റെ ചിത്രവും ഖേതൻ പിന്നീട് എക്സിൽ പങ്കുവച്ചു. അനേകം പേരാണ് ഇതിന് മറുപടിയുമായി എത്തിയത്. ബ്ലിങ്കിറ്റിനെയും സെപ്റ്റോയെയും ഒക്കെ ടാഗ് ചെയ്തുകൊണ്ട് നിങ്ങളെപ്പോഴാണ് ഇതുപോലെ സൗജന്യമായി സാധനങ്ങളെത്തിക്കുക എന്ന് പലരും ചോദിച്ചിട്ടുണ്ട്.



