തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. നിലവിലെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി ഇന്ന് അവസാനിക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 10നും കോര്‍പറേഷനില്‍ 11.30നുമാണ് സത്യപ്രതിജ്ഞ. പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എന്നിവ ചെയ്താണ് അംഗങ്ങൾ അധികാരമേൽക്കുക. മുതിർന്ന അംഗം സർക്കാർ ഇതിലേക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മുമ്പാകെയാണ് പ്രതിജ്ഞയെടുക്കേണ്ടത്. കോർപറേഷനുകളിലും ജില്ല പഞ്ചായത്തുകളിലും കലക്ടർമാരെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്. എല്ലാ അംഗങ്ങളുടെയും ആദ്യയോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിൽ അന്നുതന്നെ ചേരും. ഈ യോഗത്തിലാവും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കുക. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിംസംബർ 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.



