തെഹ്റാന്: ഗൾഫ് മേഖലയിൽ അമേരിക്കയും ഇസ്രായേലും പ്രകോപനം തുടർന്നാൽ ലോകത്തെ പ്രധാന സമുദ്ര വ്യാപാര പാതകൾ തടസ്സപ്പെടുത്തുമെന്ന കനത്ത മുന്നറിയിപ്പുമായി ഇറാൻ. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ മുതിർന്ന ഉപദേശകൻ അലി അക്ബർ വിലായതിയാണ് ആഗോള ഊർജ്ജ വിതരണ ശൃംഖലയെ ബാധിക്കുന്ന തരത്തിലുള്ള നീക്കമുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.ഹോർമുസ് കടലിടുക്കിന് പുറമെ തന്ത്രപ്രധാനമായ മറ്റ് സമുദ്ര പാതകളും ലക്ഷ്യം വെക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ചെങ്കടലിൽ ഹൂതി നിയന്ത്രണത്തിലുള്ള ബാബുൽ മൻദബ് കപ്പൽ പാതയും അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും വിലായതി വ്യക്തമാക്കി. ചെങ്കടലിനെയും ഗൾഫ് ഓഫ് ഏദനെയും ബന്ധിപ്പിക്കുന്ന ബാബുൽ മൻദബ് കടലിടുക്കിന് ഹോർമുസിനോളം തന്നെ പ്രാധാന്യമുണ്ടെന്ന് വിലായതി വ്യക്തമാക്കി. യെമൻ തീരത്തോട് ചേർന്നുള്ള ഈ പ്രദേശം ആഗോള വ്യാപാരത്തിന്റെ നിർണ്ണായക പാതയാണ്. ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിമതർ ഈ മേഖലയിൽ ആക്രമണം നടത്താൻ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും പറ്റുന്ന ഒരു ചെറിയ പിഴവ് പോലും ആഗോള ഇന്ധന വിതരണത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും സാരമായി ബാധിക്കുമെന്നും ഇറാൻ അറിയിച്ചു. ഇറാൻ്റെ ചരിത്രത്തിൽ നിന്ന് അമേരിക്ക ചില പാഠങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും അധികാരത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ലെന്നും വിലായതി കൂട്ടിച്ചേർത്തു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് നേരത്തെ ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ ആഗോള കപ്പൽ ഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ബാബുൽ മൻദബ് കൂടി തടസ്സപ്പെട്ടാൽ അത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകും.



