Tuesday, July 8, 2025
No menu items!
Homeവാർത്തകൾ‘ഡയർ വൂൾഫ്’എന്ന വംശനാശം സംഭവിച്ച ജീവിയെ പുനർസൃഷ്ടിച്ച് ചരിത്രം കുറിച്ചിരിക്കകയാണ് ശാസ്ത്ര ലോകം

‘ഡയർ വൂൾഫ്’എന്ന വംശനാശം സംഭവിച്ച ജീവിയെ പുനർസൃഷ്ടിച്ച് ചരിത്രം കുറിച്ചിരിക്കകയാണ് ശാസ്ത്ര ലോകം

ഭൂമിയുടെ ചരിത്രത്തിലാദ്യമായി, ശതസഹസ്രാബ്ദങ്ങൾക്കു മുമ്പ് വംശനാശം സംഭവിച്ച ജീവിവർഗത്തെ ശാസ്ത്രീയമായി പുനഃസൃഷ്ടിച്ചതായി അമേരിക്കയിലെ ‘കൊളോസൽ ബയോസയൻസസ്’ എന്ന സ്ഥാപനം അറിയിച്ചിരിക്കുന്നു. ‘ഡയർ വൂൾഫ്’ എന്നറിയപ്പെടുന്ന വെള്ളച്ചെന്നായ്ക്കളിൽപ്പെട്ട രണ്ട് ആണിനെയും ഒരു പെണ്ണിനെയും ജീൻ എഡിറ്റിങ് വിദ്യയിലൂടെ പുനരുജ്ജീവിപ്പിച്ചു എന്നാണ് അവകാശവാദം. സ്വാഭാവികമായും ഇത് ശാസ്ത്ര ലോകത്തിനപ്പുറം കൗതുകമുണർത്തിയിട്ടുണ്ട്. കാരണം, ഇതിനെ ഒരു ഒറ്റപ്പെട്ട ഗവേഷണമായിട്ടല്ല കമ്പനി കാണുന്നത്. മറിച്ച്, കുറ്റിയറ്റുപോയ പല ജീവിവർഗങ്ങളെയും വീണ്ടെടുക്കുന്ന ബൃഹത്തായ ‘വംശനാശമുക്തി’ (de-extinction) പദ്ധതിയുടെ ഭാഗംകൂടിയത്രെ ഇത്. അനേകായിരം വർഷങ്ങൾക്കു മുമ്പത്തെ ജീവികളുടെ അസ്ഥികളിൽനിന്നും പല്ലിൽനിന്നും ഡി.എൻ.എ എടുത്ത് ആ ജീവിവർഗങ്ങളെ ജീവിതത്തിലേക്കും ഭൂമിയിലേക്കും തിരിച്ചെത്തിക്കുന്നു. ഈ പദ്ധതിയനുസരിച്ച് അടുത്ത മൂന്നു വർഷങ്ങൾക്കകംതന്നെ ‘വൂളി മാമത്ത്’ എന്ന ആനയുടെ മുൻഗാമിയായി അറിയപ്പെട്ട ജീവിയെ പുനഃസൃഷ്ടിക്കും.ഡോഡോ പക്ഷി, ടാസ്മേനിയൻ കടുവ തുടങ്ങിയവയെ വീ​ണ്ടെടുക്കലും പദ്ധതിയിലുൾപ്പെടുമത്രെ. ഏതാനും വർഷങ്ങൾക്കകം ‘ജുറാസിക് പാർക്ക്’ എന്ന സിനിമാറ്റിക് കൽപനയുടെ മറ്റൊരു ഭാഷ്യം യാഥാർഥ്യ ലോകത്തിലെത്തും എന്ന് ചുരുക്കം. ‘ജുറാസിക് പാർക്കി’ലെ ദിനോസറുകളെ​പ്പോലെ പ്രാചീന ജീവികളുടെ തിരിച്ചുവരവ് ലോകത്തിന് ഭീഷണിയാകില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. അതിന് ‘കൊളോസൽ’ കമ്പനി നൽകുന്ന മറുപടി ഇല്ല എന്നാണ്. തന്നെയുമല്ല, അവരുടെ ഡീ-എക്സ്റ്റിങ്ഷൻ പദ്ധതി ഭൂമിയുടെ പരിസ്ഥിതിക്ക് ഗുണകരമാകുമെന്നും കാലാവസ്ഥ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾ അത് ഗണ്യമായി കുറക്കുമെന്നുംകൂടി അവർ വാദിക്കുന്നു.പുനഃസൃഷ്ടിച്ചത് ഡയർ വൂൾഫിനെയാണെന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. നൂറുശതമാനം അങ്ങനെ പറയാനാകില്ലെന്ന് ‘കൊളോസൽ’ ശാസ്ത്രജ്ഞർതന്നെ സമ്മതിച്ചിട്ടുമുണ്ട്. വംശനാശം സംഭവിച്ചിട്ടില്ലാത്ത ഗ്രേ വൂൾഫിന്റെ ജനിതകഘടകം ഉപയോഗിച്ച് ജനിപ്പിച്ച, ഡയർ വൂൾഫിനെപ്പോലിരിക്കുന്ന ഗ്രേ വൂൾഫാണിത് എന്ന് പറയാം. എന്നാൽ, ഇതിനെക്കാൾ വലിയ മറ്റൊരു അത്യുക്തികൂടി കമ്പനിയുടെ ഭാഗത്തുനിന്നുണ്ട്. ‘ഡീ എക്സ്റ്റിങ്ഷൻ’ പരിസ്ഥിതിക്ക് ഗുണകരമാകും എന്ന, മുകളിൽ സൂചിപ്പിച്ച വാദമാണത്. മരങ്ങളുടെ അത്രതന്നെ ചൂട് ആഗിരണം ചെയ്യാത്ത പുൽമേടുകൾ തിങ്ങിവളരാനും അന്തരീക്ഷ താപം കുറക്കാനും നശിച്ചുപോയ ജീവിവർഗങ്ങളുടെ മേച്ചിൽ സഹായിച്ചേക്കുമെന്ന നിരീക്ഷണമാണ് ഇതിനടിസ്ഥാനം. തെളിവുകളുടെ പിൻബലമില്ലാത്ത ഈ ഊഹംവെച്ച് ആപദ്സാധ്യത ഏറെയുള്ള വൻ പരീക്ഷണങ്ങൾ നടത്തുകവ​ഴി ‘​കൊളോസൽ’ പോലുള്ള കമ്പനികൾ ഭൂമിയെ ഒരു ഭാഗ്യപരീക്ഷണത്തിന് ഇരയാക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രീയമെന്നു പറയാനാവാത്ത, ശാസ്ത്രജ്ഞരുടെ സ്ഥിരീകരണത്തിന് വിധേയമാക്കാത്ത, പാതിവെന്ത കാഴ്ചപ്പാടുകൾക്ക് അനുകൂലമായി ലോകാഭിപ്രായം സംഘടിപ്പിക്കുകയാണ് ‘ഡയർ വൂൾഫി’നെപ്പറ്റിയുള്ള അതിശയോക്തി വാർത്തയുടെ യാഥാർഥ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ശാസ്ത്രപരമായ അന്ധവിശ്വാസങ്ങൾ മുതലെടുത്തുള്ള ലാഭക്കച്ചവടം ഇതിനു പിന്നിലെ ഉദ്ദേശ്യമാകാം. ‘കൊളോസൽ ബയോസയൻസ്’ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പല സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. ജൈവസാ​ങ്കേതിക രംഗത്തെ സംബന്ധിക്കുന്ന ധാർമികതയിലെ പഴുതുകൾ അവ ഉപയോഗപ്പെടുത്തുന്നു. ‘ജുറാസിക് പാർക്ക്’, ‘ഗെയിം ഓഫ് ത്രോൺസ്’ ടി.വി. പരമ്പര, അതിലെ വെള്ളച്ചെന്നായ്ക്കൾ തുടങ്ങിയവയുമായുള്ള ബാഹ്യബന്ധത്തിലും ചെന്നായ്കുട്ടികളുടെ പേരുകളി​ലുമെല്ലാം മാർക്കറ്റിങ് കൗശലം പ്രകടമാണ്. നിക്ഷേപകരെ ആകർഷിക്കാൻ മതിയായ ചേരുവകളാണവ. ​‘കൊളോസൽ’ തന്നെ 2023ഓടെ 20 കോടി ​ഡോളർ നിക്ഷേപം സമാഹരിക്കുകയും ഒരു ബില്യൺ ഡോളർ ആസ്തി ആർജിക്കുകയും ചെയ്തിരുന്നു; ഈ വർഷം അത് 10 ബില്യണായി. അതേസമയം, ഈ ‘വളർച്ച’യെ സാധൂകരിക്കുന്ന ഒരു നേട്ടവും അതിന് കാണിക്കാനായിട്ടുമില്ല. ‘ഡയർ വൂൾഫി’നെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഈ പശ്ചാത്തലത്തിൽവേണം മനസ്സിലാക്കാൻ.ഏതാനും സംരംഭകരുടെ തീർപ്പിന് വിട്ടുകൊടുക്കേണ്ടതാണോ ഭൂമിയുടെ ഭാഗധേയം എന്ന വലിയ ചോദ്യമുയർത്തുന്നുണ്ട് ഇത്. ജൈവസാ​േങ്കതിക വിദ്യ നല്ലനിലയിൽ ഉപയോഗിച്ചാൽ ആരോഗ്യരംഗം മുതൽ ജൈവ വൈവിധ്യരംഗം വരെ മനുഷ്യനും പ്രകൃതിക്കും പ്രയോജനകരമായ ധാരാളം നേട്ടങ്ങൾ കൈവരിക്കാനാകും. ലാഭചിന്തക്കൊപ്പം നൈതികബോധംകൂടി ഉണ്ടാകുമ്പോഴേ ശാസ്ത്രത്തെ നന്മക്കായി ഉപയോഗപ്പെടുത്താനാകൂ. ഡയർ വൂൾഫിന്റേതിനു സമാനമായ സാ​ങ്കേതികവിദ്യ ഉപയോഗിച്ച് 2018ൽ ചൈനീസ് ശാസ്ത്രജ്ഞൻ ഹാ ജിയാൻകുയി ‘ജീൻ എഡിറ്റിങ്ങി’ലൂടെ മനുഷ്യശിശുക്കളെ സൃഷ്ടിച്ചെടുത്ത വാർത്ത ശാസ്ത്രലോകത്തുതന്നെ വിവാദമായി. അതിലെ ധാർമികതയും പ്രത്യാഘാത സാധ്യതയുമായിരുന്നു കാരണം. ഇത്തരം കാര്യങ്ങൾ മതിയായ സൂക്ഷ്മതയും പക്വതയും പുലർത്തിക്കൊണ്ടാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ആഗോളതലത്തിൽ സംവിധാനങ്ങൾ ആവശ്യമാണ്. ശാസ്ത്രീയ ഭദ്രതയും ധാർമികമായ അനുയോജ്യതയും ഇത്തരം പരീക്ഷണങ്ങളെ നയിക്കണം. മനുഷ്യരാശിക്ക് മൊത്തമായി കിട്ടിയ ദൈവികദാനമാണ് ശാസ്ത്രം. അത് ഏതുതരത്തിൽ ഉപയോഗിക്കണമെന്നത് നൈതിക വിഷയമാണ്. ബയോ ടെക്നോളജിയെ ബയോ എത്തിക്സ് നയിക്കട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments