ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ ടിക്കറ്റുകള്‍ റദ്ദാക്കുന്ന നിയമങ്ങള്‍ പരിഷ്കരിച്ച് ഇന്ത്യന്‍ റെയില്‍വേ. ബെര്‍ത്ത് ഉറപ്പായ ടിക്കറ്റുകള്‍ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ്റദ്ദാക്കിയാലേ മുഴുവന്‍ തുകയും തിരിച്ചു കിട്ടൂ. റദ്ദാക്കല്‍ ചാര്‍ജ് ഇനത്തിലെ നാമമാത്രമായ തുകയേ ഈടാക്കൂ. നേരത്തെ ഇത് 48 മണിക്കൂര്‍ മുമ്പ് വരെയായിരുന്നു. ഏപ്രില്‍ 15-നകം പരിഷ്കാരം നിലവില്‍ വരുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ട്രെയിന്‍ പുറപ്പെടുന്നതിന് 72 മുതല്‍ 24 മണിക്കൂര്‍ മുന്‍പുവരെ റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക നഷ്ടമാകും. 24 മുതല്‍ എട്ട് മണിക്കൂര്‍ വരെ റദ്ദാക്കിയാല്‍ 50 ശതമാനം തുക നഷ്ടമാകും. എട്ട് മണിക്കൂറിനകത്താണ് റദ്ദാക്കുന്നതെങ്കില്‍ മുഴുവന്‍ തുകയും നഷ്ടമാകും. നിലവില്‍ ഇത് നാല് മണിക്കൂര്‍ മുമ്പ് വരെയായിരുന്നു.
ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ബോര്‍ഡിങ് സ്റ്റേഷന് മാറ്റാം. നിലവില്‍ അന്തിമ ചാര്‍ട്ട് ഇറങ്ങുന്നതിനു മുമ്പ് മാത്രമാണ് ഈ സൗകര്യം. കൗണ്ടര്‍വഴി ടിക്കറ്റെടുക്കുന്നവര്‍ക്ക് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പുവരെ മാറ്റാം. നിലവില്‍ ഇതും ചാര്‍ട്ടിങ്ങിനുമുമ്പ് വേണമായിരുന്നു. കൗണ്ടര്‍വഴി റിസര്‍വ്ചെയ്യുന്ന ടിക്കറ്റ് യാത്ര അവസാനിക്കുന്ന സ്റ്റേഷനില്‍ നിന്നുമാത്രമേ യാത്രക്കാര്‍ക്ക് നിലവില്‍ റദ്ദാക്കാനാകുമായിരുന്നുള്ളൂ. ഇത് മാറ്റി രാജ്യത്തെ ഏത് സ്റ്റേഷനില്‍നിന്നും ടിക്കറ്റ് റദ്ദാക്കാം.



