Wednesday, March 25, 2026
No menu items!
Homeവാർത്തകൾട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; സ്വയം തിരിച്ചറിയാനുള്ള അവകാശത്തെ തടയുന്ന ബിൽ ഭരണഘടനാ വിരുദ്ധമെന്ന്...

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; സ്വയം തിരിച്ചറിയാനുള്ള അവകാശത്തെ തടയുന്ന ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള 2019-ലെ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതി ബിൽ 2026 ചൊവ്വാഴ്ച ലോക്സഭ പാസാക്കി. ഭിന്നലിംഗ പദവി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ കാലാവധി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ബിൽ. എന്നാൽ സ്വയം തിരിച്ചറിയാനുള്ള അവകാശത്തെ ബിൽ തടയുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് സഭയിൽ ഉയർത്തിയത്.

ബയോളജിക്കൽ പ്രശ്നങ്ങൾ കാരണം സാമൂഹിക ബഹിഷ്കരണം നേരിടുന്നവർക്ക് മാത്രം നിയമ പരിരക്ഷ ഉറപ്പാക്കാനാണ് ഈ ഭേദഗതിയെന്ന് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ സഭയിൽ പറഞ്ഞു. ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കാൻ കൃത്യമായ നിർവ്വചനം ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു.
പുതിയ ഭേദഗതി പ്രകാരം ഭിന്നലിംഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷാ കാലാവധി 2 വർഷത്തിൽ നിന്നും പരമാവധി 14 വർഷം വരെയായി ഉയർത്തിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് നൽകുന്ന തിരിച്ചറിയൽ രേഖകൾക്കും മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കും ബിൽ വ്യവസ്ഥ ചെയ്യുന്നു.
തിരിച്ചറിയൽ വ്യക്തിപരമായ ഇഷ്ടമല്ല

വ്യക്തിപരമായ താൽപ്പര്യത്തിന്റെയോ സ്വയം തോന്നുന്ന സ്വത്വത്തിന്റെയോ (Self-perceived identity) മാത്രം അടിസ്ഥാനത്തിൽ ഒരാൾക്ക് ഭിന്നലിംഗ പദവി നൽകാനാവില്ലെന്ന് ബിൽ വ്യക്തമാക്കുന്നു. കിന്നർ, ഹിജഡ, അരവാണി, ജോഗ്ത തുടങ്ങിയ വിഭാഗങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ലൈംഗിക ആഭിമുഖ്യം (Sexual orientation) അടിസ്ഥാനമാക്കിയുള്ള സ്വത്വങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അങ്ങേയറ്റം വിവേചനം നേരിടുന്ന ഒരു പ്രത്യേക വിഭാഗത്തെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രം വിശദീകരിച്ചു.

ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം

സ്വയം തിരിച്ചറിയാനുള്ള വ്യക്തിയുടെ അവകാശത്തെ അംഗീകരിച്ച സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് ഈ ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭിന്നലിംഗക്കാരുമായി കൂടിയാലോചന നടത്താതെയാണ് സർക്കാർ ഈ ‘ക്രൂരമായ’ നിയമം കൊണ്ടുവന്നതെന്ന് കോൺഗ്രസ് എംപി ജ്യോതിമണി കുറ്റപ്പെടുത്തി. ഇത് ജനാധിപത്യമല്ലെന്നും അധികാരത്തിന്റെ ഏകഭാഷണമാണെന്നും അവർ പറഞ്ഞു. ബിൽ ക്ഷേമത്തിനാണെങ്കിൽ എന്തിനാണ് ഭിന്നലിംഗക്കാർ തെരുവിൽ പ്രതിഷേധിക്കുന്നത് എന്ന് സമാജ്‌വാദി പാർട്ടി എംപി ആനന്ദ് ഭദൗരിയ ചോദിച്ചു.

ബിൽ ഭരണഘടനാപരമായ അവകാശങ്ങൾക്കും സ്വത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. മെഡിക്കൽ ബോർഡിന് മുന്നിൽ പരിശോധനയ്ക്ക് വിധേയരാകാൻ നിർബന്ധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും ഈ നിയമം ഭിന്നലിംഗക്കാരെ സംരക്ഷിക്കുന്നതിന് പകരം അവരെ മാറ്റിനിർത്താനാണ് സഹായിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളിയ ശേഷമാണ് ലോക്സഭ ബിൽ പാസാക്കിയത്. ഇനി ഉപരിസഭയായ രാജ്യസഭയുടെ പരിഗണനയ്ക്കായി ബിൽ അയക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments