റാഞ്ചി: 81 അംഗ ഝാർഖണ്ഡ് നിയമസഭയിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 43 മണ്ഡലങ്ങളിലെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 683 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വയനാട്ടിലും മഹാരാഷ്ട്രയിലെ നാന്ദഡിലും ലോക്സഭ ഉപതെരഞ്ഞെടുപ്പും ബുധനാഴ്ചയാണ്. വിവിധ സംസ്ഥാനങ്ങളിലായി 34 സീറ്റുകളിലേക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പും അന്ന് നടക്കും. നവംബർ 23നാണ് ഫലപ്രഖ്യാപനം. ഝാർഖണ്ഡിലെ ബാക്കി 38 മണ്ഡലങ്ങളിൽ 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. സംസ്ഥാനത്ത് ജെ.എം.എം (ഝാർഖണ്ഡ് മുക്തി മോർച്ച) നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യവും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയും കടുത്ത പോരാട്ടത്തിലാണ്. കോൺഗ്രസ്, ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവയാണ് ഇൻഡ്യ സഖ്യത്തിൽ. എൻ.ഡി.എയിൽ എ.ജെ.എസ്.യു, ജെ.ഡി-യു, എൽ.ജെ.പി കക്ഷികളും. നിലവിൽ ജെ.എം.എം -30, കോൺഗ്രസ് -16, ബി.ജെ.പി -25, മറ്റുള്ളവർ -10 എന്നിങ്ങനെയാണ് കക്ഷിനില.