ദില്ലി : അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം. ഇന്നലെ രാത്രി മുതൽ ആരംഭിച്ച പാക് ഡ്രോൺ ആക്രമണവും ഷെല്ലിംഗും ഇന്ന് രാവിലെയും തുടരുകയാണ്. ജമ്മുവിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ ഇടങ്ങൾ ലക്ഷ്യമിട്ടാണ് പാക് ആക്രമണം. ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം ഇന്ത്യൻ സേന ഫലപ്രദമായി തകർത്തു. ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. തുടർച്ചയായി ഡ്രോൺ ആക്രമണങ്ങളുണ്ടായതോടെ സൈറണുകൾ മുഴങ്ങി. ജമ്മുകശ്മീരിന് പുറമേ അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പാക് ആക്രമണങ്ങളുണ്ടായി. ജലന്ധറിലും ഡ്രോണുകൾ കണ്ടതിനാൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്.



