Monday, December 22, 2025
No menu items!
Homeവാർത്തകൾഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട്  ജവാൻമാരും ഒരു ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ മാവോയിസത്തെ നേരിടാൻ രൂപീകരിച്ച പ്രത്യേക പൊലീസ് യൂണിറ്റായ ജില്ലാ ദന്തേവാഡ   റിസർവ് ഗാർഡിൽ നിന്നുള്ളവരാണ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും. ഇന്ന്  ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആക്രമണം. സ്ഫോടനത്തിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിച്ചിതറിപ്പോയി. 

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നത്. 20 ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നത്. മാവോയിസ്റ്റുകൾ ഐ ഇ ഡി ഉപയോഗിച്ച് വാഹനം പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. കുത്രു ബെദ്രെ റോ‍ഡിൽ സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ഇത് വഴി വാഹനം കടന്നുപോയപ്പോഴാണ് സ്ഫോടനം നടന്നത്. മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്തർ റെയ്ഞ്ച് ഐജി പി.സുന്ദർ രാജ് പറഞ്ഞു. ഇന്ന് പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് മേഖലയിൽ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് വിമതരെ വധിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളിൽ നിന്നും   എകെ 47, സെൽഫ് ലോഡിംഗ് റൈഫിൾസ് എന്നിവ കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നത്.

അതേസമയം മാവോയിസ്റ്റ് ആക്രമണത്തിൽ  കർശന നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഡ് സർക്കാർ വ്യക്തമാക്കി. മാവോയിസ്റ്റുകൾക്ക് എതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി  വിഷ്ണു ദേവ് സായ് വ്യക്തമാക്കി. 2026 ഓടെ മാവോയിസ്റ്റ് പ്രവർത്തനം  അവസാനിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളുടേത് ഭീരുത്വമാണെന്ന് ഛത്തീസ്ഗഡ് ഉപ മുഖ്യമന്ത്രി വിജയ് ശർമയും പറഞ്ഞു. ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും ആദ്ദേഹം പ്രതികരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments