ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസമായി. സംസ്ഥാന സര്‍ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് പ്രാധാനപ്പെട്ട കാര്യം. ദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം.
നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം