കൊവിഡ് 19 പകർച്ചവ്യാധിയ്ക്ക് ശേഷം ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ആണ് പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ കഴുകാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് HMPV. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ HMPV മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. 5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. HMPV ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു. വടക്കൻ പ്രവിശ്യകളിൽ 14 വയസ്സിന് താഴെയുള്ളവരിലാണ് രോഗം കൂടുതലായി കണ്ട് വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.