ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി, ഗൾഫ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിക്ക് സമാനമായ ‘കുട്ടനാട് സഫാരി’ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണൽ ദ്വീപ് സന്ദർശിച്ചു. കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ഒറ്റ ബോട്ട് യാത്രയിൽ ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി അറിയിച്ചു.
കുട്ടനാടിന്റെ തനത് കലാരൂപങ്ങളെയും പാട്ടുകളെയും സംസ്കാരത്തെയും അടുത്തറിയാൻ ഈ പാക്കേജ് വഴി വിനോദസഞ്ചാരികൾക്ക് സാധിക്കും. ആലപ്പുഴയിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അതേ സ്ഥലത്ത് തന്നെ അവസാനിക്കുന്ന രീതിയിലാണ് ഈ സഫാരി തയ്യാറാക്കിയിരിക്കുന്നത്. യാത്രയുടെ ഭാഗമായി ലഘുഭക്ഷണം, കള്ളുഷാപ്പിൽ നിന്നുള്ള ചെത്ത് കള്ള്, ഉച്ചഭക്ഷണം എന്നിവയെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാം.
കൂടാതെ, ഒരു ചിത്രകാരൻ തത്സമയം വിനോദസഞ്ചാരികളുടെ ചിത്രങ്ങളും വരച്ച് നൽകും. ആലപ്പുഴയുടെ തനത് കയർ പിരിത്തവും ഓല മെടയുന്നതും നേരിൽ കാണാനും സ്വന്തമായി ചെയ്തുനോക്കാനും സഞ്ചാരികൾക്ക് അവസരം ലഭിക്കും. ഓലകൊണ്ടുള്ള പന്തും തൊപ്പിയും തത്സമയം നിർമ്മിച്ച് അവർക്കായി പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ യാത്ര വൈകിട്ട് നാല് മണിയോടെ പാതിരമണൽ ദ്വീപിലെത്തും. വേമ്പനാട് കായലിലെ ഈ ദ്വീപിൽ പുല്ലും മുളയും കൊണ്ട് നിർമ്മിച്ച ഒരു ആംഫി തിയേറ്റർ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂർത്തിയാക്കും. തിയേറ്ററിന്റെ സ്പോൺസർഷിപ്പിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സംസാരിച്ചതായും പ്രൊപ്പോസൽ കൈമാറിയതായും മന്ത്രി അറിയിച്ചു