ന്യൂഡൽഹി: അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസർക്ക് ഇല്ലെന്ന് വിശദീകരണം. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്ബിക് അസോസിയേഷൻ മെഡിക്കല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു.
പാരീസ് ഒളിമ്ബിക്സ് വനിതാ ഗുസ്തി ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ശരീരഭാരം അനുവദനീയമായതിനേക്കാള്‍ നൂറ് ഗ്രാം കൂടിയതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ഫൈനലിനും മുന്നോടിയായി ഓഗസ്റ്റ് ഏഴിന് രാവിലെ നടന്ന പരിശോധനയിലാണ് ശരീരഭാരം പരിധികടന്നതായി കണ്ടെത്തിയത്.