ഗാസ സിറ്റി: ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ (Israeli strikes in Gaza). തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണങ്ങളില്‍ 46 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഭയാര്‍ഥി കേന്ദ്രമാക്കി മാറ്റിയ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം 31 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടക്കുന്ന സമയത്ത് കെട്ടിടത്തിനുള്ളില്‍ നിരവധി പേര് ഉറങ്ങിക്കിടന്നിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു. സ്കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിശദീകരണം. ഹമാസുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച മാര്‍ച്ചിന് ശേഷം ഇസ്രയേല്‍ നടത്തിയ വലിയ ആക്രമണങ്ങളില്‍ ഒന്ന് കൂടിയാണ് തിങ്കളാഴ്ചയിലേത്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരെ പുര്‍ണമായും മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വ്യക്കമാക്കുന്നു. സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 55 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഗാസ എമര്‍ജന്‍സി സര്‍വീസ് മേധാവി ഫഹ്മി അവാദ് പറഞ്ഞു. പിതാവും അഞ്ച് കുട്ടികളും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. സ്കൂളിന് മുകളില്‍ മൂന്ന് തവണ സ്ഫോടക വസ്തുക്കള്‍ പതിച്ചു. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടെന്നും ഗാസ എമര്‍ജന്‍സി സര്‍വീസ് മേധാവി പറയന്നു.



