ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. യുഎസും ഇസ്രയേലും പിന്തുണയ്ക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സംഘടനയുടെ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ഭക്ഷണസാധനങ്ങള്‍ അടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണമാണ് ഇവിടെ നടന്നു വന്നിരുന്നത്. വെടിവെപ്പില്‍ അൻപതോളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുമുണ്ട്. ഗാസയില്‍ ഭക്ഷണ സാധനങ്ങളുടെ അടക്കം കടുത്ത ക്ഷാമം വന്നതോടെ ജനങ്ങള്‍ പട്ടിണിയിലായിരുന്നു. അതിനിടെയാണ് ഈ ദുരിതാശ്വാസ കേന്ദ്രം പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ വലിയ ജനത്തിരക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ അടക്കം തകര്‍ന്ന കാഴ്ച അവിടെ കാണാമായിരുന്നു.
അതേസമയം ഐക്യരാഷ്ട്രസഭയും മറ്റ് മാനുഷിക സംഘടനകളും പുതിയ സംവിധാനത്തിൻ്റെ പ്രവര്‍ത്തനത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലെ 2.3 ദശലക്ഷം ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സംഘടനയ്ക്ക് കഴിയുന്നില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണസാധനങ്ങള്‍ അടക്കം ശേഖരിക്കാൻ എത്തുന്നവരും ഇസ്രയേൽ സൈനികരും തമ്മിലുള്ള സംഘർഷ സാധ്യതയെക്കുറിച്ചുള്ള ആശങ്കയും ഇതിനൊപ്പം അവര്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേല്‍ അതിര്‍ത്തികള്‍ അടക്കം അടച്ചതോടെ ഗാസയിലേക്കുള്ള സഹായ വിതരണം ഏതാണ്ട് പൂര്‍ണമായും നിലച്ചിരുന്നു. ഇതിന് പിന്നാലെ പലസ്തീനികൾ ഭക്ഷണത്തിനായി വലയുകയാണ്. ഇതിനിടെയാണ് ജിഎച്ച്എഫ് സംഘടന സഹായ വിതരണവുമായി രംഗത്ത് വന്നത്. സഹായ വിതരണത്തിനായി നാല് ഹബ്ബുകൾ സ്ഥാപിച്ചതായാണ് ജിഎച്ച്എഫ് അറിയിച്ചത്, ഇവയിൽ രണ്ടെണ്ണമാണ് ഇപ്പോള്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.