Monday, December 22, 2025
No menu items!
Homeവാർത്തകൾഗാസയിലും ലബനനിലും സിറിയയിലും ആക്രമണം തുടർന്ന് ഇസ്രയേൽ; വിമർശിച്ച് ഡബ്ല്യുഎച്ച്ഒ മേധാവി

ഗാസയിലും ലബനനിലും സിറിയയിലും ആക്രമണം തുടർന്ന് ഇസ്രയേൽ; വിമർശിച്ച് ഡബ്ല്യുഎച്ച്ഒ മേധാവി

ഗാസ: വെടിനിർത്തൽ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഗാസയിലും ലബനനിലും സിറിയയിലും ആക്രമണവുമായി ഇസ്രയേൽ. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഇപ്പോൾ ‘സാധാരണം’ ആയെന്നും അദ്ദേഹം വിമർശിച്ചു. കിഴക്കൻ ലബനനിലെ സിവിൽ ഡിഫൻസ് കേന്ദ്രത്തിൽ വ്യോമാക്രമണത്തിലാണു 12 പേർ കൊല്ലപ്പെട്ടത്. യുദ്ധത്തിൽ പരുക്കേറ്റവർക്കു വൈദ്യസഹായം എത്തിക്കുന്ന സിവിൽ ഡിഫൻസ് സേനയ്ക്കു ഹിസ്‍ബുല്ലയടക്കമുള്ള സംഘടനകളുമായി ബന്ധമില്ല. ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 28 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടതായും 120 പേർക്കു പരുക്കേറ്റതായും ആരോഗ്യവിഭാഗം അറിയിച്ചു.

ഒക്ടോബർ 7 മുതലുള്ള ആക്രമണങ്ങളിൽ 43,764 പേരാണു കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ലബനനിൽ 59 പേർ കൊല്ലപ്പെട്ടെന്നും 182 പേർക്കു പരുക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്ത്ത് ലഹിയയിൽ 3 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് അവകാശപ്പെട്ടു. ദെയ്റൽ ബലാഹിലെ സംഭരണകേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പോയ ട്രക്കുകൾക്കു നേരെ ആക്രമണമുണ്ടായി. 14 ട്രക്കിൽനിന്ന് ഭക്ഷണം കവർന്നതായി യുഎൻ വക്താവ് അറിയിച്ചു.ബെയ്റൂട്ടിലെ ഹിസ്‌ബുല്ല നിയന്ത്രിതമേഖലകളിൽ രൂക്ഷമായ ആക്രമണമാണ്. മറ്റൊരിടത്ത് ആരോഗ്യകേന്ദ്രത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. യുഎൻ ദൗത്യപാലകരുടെ വാഹനവ്യൂഹത്തിനും വെടിവയ്പുണ്ടായി. സിറിയയിലെ ഡമാസ്കസിലും പരിസരത്തും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. പലസ്തീൻ ഇസ്‍‌ലാമിക് ജിഹാദ് സംഘത്തിന്റെ ഓഫിസും ആക്രമിക്കപ്പെട്ടു.

ഇസ്രയേലുമായി വെടിനിർത്തലിലെത്താനുള്ള ലബനന്റെ നീക്കത്തെ പിന്തുണയ്ക്കുമെന്ന് ഇറാൻ സൂചന നൽകി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് സാകി ബ്രേവർമെനെ അന്വേഷണ ഏജൻസികൾ 3 മണിക്കൂറോളം ചോദ്യം ചെയ്തു. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയ ദിവസം നെതന്യാഹു മിലിറ്ററി സെക്രട്ടറിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ തിരുത്തിയെന്നാണ് ആരോപണം. ഹമാസിന്റെ തടവിൽനിന്നു മോചിതരായ ഇസ്രയേൽ പൗരൻമാരും ബന്ധുക്കളും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments