ഗസ്സസിറ്റി: ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ബന്ദിമോചനത്തിനും സഹായ വിതരണത്തിനുമുള്ള നീക്കം തകൃതിയായി നടക്കുകയാണ്. ഇന്നലെ ഉച്ചക്ക് ശേഷം വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും ഉൾപ്പടെ തുടർ നടപടികൾക്കായുള്ള മുന്നൊരുക്കം ഊർജിതമായി. കരാർ പ്രകാരമുള്ള മേഖലകളിലേക്ക് ഇസ്രായേൽ സൈന്യം ഇന്നലെമാറി.72 മണിക്കൂറിനുള്ളിൽ ബന്ദിമോചനം അടക്കമുള്ള കരാറിലെ മറ്റ് വ്യവസ്ഥകൾ ഹമാസ് പാലിക്കും. ഫലസ്തീനിയൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. ഗസ്സയിലേക്ക് പ്രതിദിനം 600 ട്രക്കുകൾ ഇസ്രായേൽ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. നാളെ മുതൽ ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും പുറമേ താൽക്കാലിക പാർപ്പിട സംവിധാനങ്ങളും ഇന്ധനവും ഗസ്സയിലേക്ക് അയക്കാൻ അനുമതി ലഭിച്ചതായി യു.എൻ ഏജൻസികൾ അറിയിച്ചു. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഞായറാഴ്ചവൈകീട്ട് ഇസ്രായേലിൽ എത്തും. തിങ്കളാഴ്ച ഹമാസ് വിട്ടയക്കുന്ന 20 ബന്ദികളെ ട്രംപ് സ്വീകരിക്കും. ഇസ്രയേൽ പാർമെന്‍റനെയും യു.എസ്പ്രസിഡന്റ് അഭിസബോധന ചെയ്യും. തുടർന്ന് കൈറോയിലെത്തി വെടിനിർത്തൽ കരാർ ചടങ്ങിൽ സംബന്ധിക്കും. ഹമാസ് നൽകിയ പട്ടികപ്രകാരം ചില ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ കഴിയില്ലെന്നാണ് ഇസ്രായേലിന്‍റെ വാദം.എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി മധ്യസ്ഥ രാജ്യങ്ങൾ ഇടപെട്ട് പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ,വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ പതിനായിരക്കണക്കിന് ഫലസ്തീനികൾ വടക്കൻ ഗസ്സയിലേക്കുള്ള യാത്രയിലാണ്.രണ്ടു വർഷത്തിനിടെ നിർത്താതെയുള്ള ഓട്ടത്തിനൊടുവിൽ വീണ്ടും ആട്ടിയോടിക്കപ്പെടില്ലെന്ന പ്രതീക്ഷയിലാണ് ഫലസ്തീനികളുടെ മടക്കം. യുദ്ധം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സൈനികമേധാവിയും ഇന്നലെ പ്രതികരിച്ചിരുന്നു.ഗസ്സയിൽ ഇസ്രായേൽ കൊന്നുതള്ളിയ 130പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. ഇതിൽ 93 മൃതദേഹങ്ങളും ഗസ്സ സിറ്റിയിൽനിന്നാണ് ലഭിച്ചത്. അതിനിടെ,വെടിനിർത്തൽ പദ്ധതിയുടെ മേൽനോട്ടത്തിന് എന്നപേരിൽ യു.എസ് സൈനികരുടെ പങ്കാളിത്തത്തോടെ ഇസ്രായേലിൽ സിവിൽ സൈനിക കേന്ദ്രം തുറക്കും. 200 യു.എസ് സൈനികരെ ഇതിനായി ഇസ്രായേലിലേക്ക് നിയോഗിക്കുമെന്ന് യു.എസ് സെൻട്രൽ കമാന്‍റ് അറിയിച്ചു



