മാനന്തവാടി: പാടത്ത് പാരമ്പര്യ നെൽവിത്തുകൾ മാത്രമേ വിതയ്ക്കൂ, കൊയ്യു എന്ന് ദൃഢനിശ്ചയം ചെയ്ത കർഷക പ്രതിഭ ചെറുവയൽ രാമേട്ടന് നാടിന്റെ അന്ത്യാഞ്ജലി. പാരമ്പര്യ നെൽ കൃഷിയുടെ മഹിമ ലോകത്തെ അറിയിക്കുകയും അവയിൽ സ്വന്തമായ വിലാസം രാജ്യത്താകമാനം എത്തിക്കുകയും ചെയ്ത ചെറുവയൽ രാമേട്ടന്റെ വിയോഗം നാടിന്റെ നഷ്ടമായി. പരമ്പരാഗത ജൈവവൈവിധ്യം സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ‘പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി’ നൽകുന്ന ദേശീയ ബഹുമതിയായ പ്ലാന്റ് ജീനോം സേവ്യർ അവാർഡ് 2016ൽ ലഭിച്ചിരുന്നു. കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലംഗമായി പ്രവർത്തിച്ച ചെറുവയൽ രാമനെ 2025ൽ കേരള കാർഷിക സർവകലാശാല പ്രഫസർ ഓഫ് പ്രാക്ടീസ് പദവി നൽകി ആദരിച്ചിരുന്നു.
പാരമ്പര്യ നെല്വിത്തുകളുടെ കാവല്ക്കാരനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയല് രാമന്റെ നിര്യാണത്തില് എം.എല്.എ ഉഷാ വിജയന് അനുശോചിച്ചു. വയനാടിന്റെ കാര്ഷിക പൈതൃകത്തെയും തനിമയെയും ലോകത്തിന് മുന്നില് അടയാളപ്പെടുത്തിയ മഹാനായ കര്ഷകനെയാണ് നഷ്ടമായതെന്ന് തിരുവനന്തപുരത്ത് നിന്ന് നല്കിയ അനുശോചന സന്ദേശത്തില് അവര് വ്യക്തമാക്കി. പാരമ്പര്യ നെല്വിത്തുകളുടെ സംരക്ഷണത്തിനായി ആയുസ്സ് മുഴുവന് മാറ്റിവെച്ച ചെറുവയല് രാമന്റെ വിയോഗം നാടിനും കാര്ഷിക മേഖലക്കും നികത്താനാവാത്ത നഷ്ടമാണെന്നും എം.എല്.എ കൂട്ടിച്ചേര്ത്തു.
ചെറുവയൽ രാമന്റെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു. വയനാടിന്റെ കാർഷിക സംസ്കാരത്തിന്റെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ജീവിക്കുന്ന പ്രതീകമായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ കാർഷിക മേഖലക്കും പ്രത്യേകിച്ച് വയനാട് ജില്ലക്കും നികത്താനാവാത്ത നഷ്ടമാണെന്ന് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു.
ചെറുവയൽ രാമന്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി അനുശോചിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. വയനാടിന്റെ കാർഷിക പൈതൃകത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹത്തിന്റെ വേർപാട് വയനാട്ടുകാർക്ക് നികത്താൻ ആവാത്ത നഷ്ടമാണുണ്ടായതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചെറുവയല് രാമന്റെ നിര്യാണത്തില് എ.ഐ.സി.സി അംഗം എന്.ഡി. അപ്പച്ചന് അനുശോചിച്ചു. പരമ്പരഗത നെല്വിത്തുകളുടെ സംരക്ഷണത്തിലൂടെ വയനാടിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന കര്ഷകനായിരുന്നു ചെറുവയല് രാമനെന്ന് അദ്ദേഹം പറഞ്ഞു. കാര്ഷികമേഖലക്ക് മാത്രമല്ല, മണ്ണിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും നാടിനും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തില് പറഞ്ഞു.
വയനാടിന്റെ നെല്മുത്തശ്ശന് എന്നറിയപ്പെടുന്ന ചെറുവയല് രാമന്റെ വിയോഗം രാജ്യത്തിനും കാര്ഷിക പൈതൃകത്തിനും നികത്താനാവാത്ത നഷ്ടമാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്. വരും തലമുറകള്ക്കായി അദ്ദേഹം ബാക്കിവെച്ച മഹത്തായ പൈതൃകം നിലനില്ക്കുമെന്നും പ്രശാന്ത് മലവയല് പറഞ്ഞു.
ചെറുവയൽ രാമന്റെ വേർപാടിൽ സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് അനുശോചിച്ചു. കൃഷിയിടത്തോടും മണ്ണിനോടും അടുത്തു നിൽക്കുന്ന ലളിതമായ ജീവിതമായിരുന്നു രാമേട്ടന്റേത്. പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതവും കൃഷിയും പാരമ്പര്യവിജ്ഞാനത്തിന്റെ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിതം ഓർമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചെറുവയൽ രാമന്റെ നിര്യാണത്തിൽ യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേം അനുശോചിച്ചു. നെൽവിത്തുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ചെറുവയൽ രാമന്റെ വിയോഗം നാടിനും കാർഷിക മേഖലക്കും നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാടിന്റെ തനത് നെൽ വിത്തിനങ്ങൾ ജീവിതവ്രതമായി സംരക്ഷിച്ചു പോരുന്ന ചെറുവയൽ രാമന്റെ നിര്യാണത്തിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ല കമ്മിറ്റി അനുശോചിച്ചു. നെൽകൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുന്നതിൽ രാമേട്ടൻ എന്നും മുന്നിലായിരുന്നു. ജില്ല സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോർജ്ജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
ചെറുവയൽ രാമന്റെ നിര്യാണത്തിൽ കെ.പി.സി.സി സംസ്കാര സാഹിതി ജില്ല കമ്മിറ്റി അനുശോചിച്ചു. വയനാട്ടിലെ വിവിധ ഇനം നെൽവിത്തുകളെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന മികച്ച പാരമ്പര്യ കർഷകനായിരുന്നു അദ്ദേഹമെന്ന് യോഗം ചൂണ്ടികാട്ടി. ജില്ല പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സി.കെ. ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, കെ. പത്മനാഭൻ, എബ്രഹാം കെ. മാത്യു, വന്ദനഷാജു, ബിനു മാങ്കൂട്ടത്തിൽ, ഗിരിജ സതീഷ്, ടി. സതീഷ്കുമാർ, എൻ. അബ്ദുൾ മജീദ്, ആന്റണി ചീരാൽ, സുജാത മഹാദേവൻ , ഷേർളി ജോസ് പ്രഭാകരൻ സി. എസ്. ,വി.സി. സത്യൻ എന്നിവർ സംസാരിച്ചു.
ചെറുവയൽ രാമന്റെ നിര്യാണത്തിൽ യു.എഫ്.പി.എ ദേശീയ കമ്മറ്റി അനുശോചിച്ചു. വയനാടിന്റെ മണ്ണിൽ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനായി അദ്ദേഹം സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചു. വയനാടിന്റെ കാർഷിക സംസ്കാരം അദ്ദേഹത്തിലൂടെ ലോകശ്രദ്ധ നേടിയതായി യോഗം വിലയിരുത്തി. സാബു കണ്ണക്കംപറമ്പിൽ അധ്യക്ഷത വഹിച്ചു. നിജീഷ് വർഗീസ്, അജി കുര്യൻ, സജീവൻ നീർവാരം, അജീഷ് ആന്റണി, മുസ്തഫ ബത്തേരി, സിബി തോമസ്, എമിൻസൺ തോമസ്, അനൂപ് മാത്യു, ഷൈജോ ജോസ്, സനൽകുമാർ എന്നിവർ സംസാരിച്ചു.
ചെറുവയൽ രാമന്റെ നിര്യാണത്തിൽ അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് പി.എം. ജോയ് ആധ്യക്ഷത വഹിച്ചു. ഡോ. അമ്പി ചിറയിൽ, വി.കെ. ശശിധരൻ, വി. ദിനേശ് കുമാർ, അസൈനാർ ബത്തേരി, എം.എം. ജോർജ്, ജി. മുരളീധരൻ എന്നിവർ സംസാരിച്ചു.
മണ്ണിനെയും കൃഷിയെയും പ്രാണനോളം സ്നേഹിച്ച പച്ചപ്പിന്റെ കാവലാളിനെയാണ് ചെറുവയൽ രാമന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് അനുസ്മരിച്ചു. കർഷകരുടെയും കൃഷിയുടെയും അഭിമാനമായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹത്തിന് കൃഷി കേവലം ഒരു ഉപജീവനമാർഗമായിരുന്നില്ല. പ്രകൃതിയോടും മണ്ണിനോടും വരും തലമുറയോടുമുള്ള കടപ്പാടിന്റെ മഹത്തായ രൂപമായിരുന്നു. മറ്റുള്ളവർ വിത്തിൽ ഒരു വിളവിന്റെ സാധ്യത കണ്ടപ്പോൾ, തലമുറകളുടെ പൈതൃകവും മനുഷ്യരാശിയുടെ ഭാവിയും കണ്ട വലിയ കർഷകനായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹം കാത്തുസൂക്ഷിച്ച വിത്തുകളും സ്വരൂപിച്ച അറിവുകളും പുതുതലമുറയിലേക്ക് പകർന്നുനൽകാൻ കൃഷിവകുപ്പും സർക്കാരും എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൃഷിമന്ത്രി ടി. സിദ്ദീഖ് അനുസ്മരിച്ചു.

