ചെങ്ങമനാട്: കാർഷിക മേഖലയിൽ ഉണ്ടായ തകർച്ചയെ തുടർന്ന് കർഷകർ കൃഷികൾ ഉപേക്ഷിച്ചു തുടങ്ങിയ കാലഘട്ടത്തിലാണ് തൊടുപുഴ കേന്ദ്രമായി കർഷകരുടെ കാർഡ്സ് രൂപം കൊള്ളുന്നത്. കേരള അഗ്രികൾച്ചറൽ ഡെവലപ്മെൻറ് സൊസൈറ്റി ( കാഡ്സ് ) രൂപീകൃതമായ 2001 മുതൽ കർഷകർക്ക് പുതിയൊരു ഊർജ്ജമായി മാറി. കൃത്യമായ ലക്ഷ്യബോധത്തോടെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച്, തകർക്കാൻ പറ്റാത്ത കർഷക ശക്തിയായി ഇരുവത്തഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തോടെ കർഷകർ ഈ ആഘോഷം ഉത്സവമാക്കുകയാണ്.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ കർഷകരുടെ പ്രതീക്ഷയാണ് കാഡ്സ്. പൊതു വിപണിയിൽ വിലയിടിഞ്ഞാലും എന്നും ന്യായമായ വില നൽകി വാങ്ങി വിൽപ്പന നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്. അതുകൊണ്ട് കൃഷിക്കാരന് കൃഷിയിലൂടെ നഷ്ടം ഉണ്ടാകുന്നില്ല. കൃഷിവകുപ്പുകളുടെ അനുകൂല്യങ്ങളും പരിശീലനങ്ങളുമെല്ലാം കൃത്യമായി കർഷകരിൽ എത്തിക്കാനും ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഓപ്പൺ മാർക്കറ്റിന് തുടക്കമിട്ട് വിജയിപ്പിച്ചത് കാർഡ്സ് ആണ്. കർഷകരുടെ വിളകൾ മൂല്യവർദ്ധനം നടത്താനും അതിലൂടെ മികച്ച വരുമാനം ഉറപ്പാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിക്കുന്നുണ്ട്. ആധുനികമായ സംവിധാനങ്ങളും പരിശീലന കേന്ദ്രങ്ങളും വില്പനശാലകളും നേഴ്സറികളും എല്ലാം ഉൾപ്പെടുന്ന ഓപ്പൺ മാർക്കറ്റ് ആണ് കാഡ്സിനുള്ളത്. വിഷരഹിതമായ ആരോഗ്യ ഭക്ഷൃ വസ്തുക്കൾ മാത്രം വാങ്ങി വിതരണം ചെയ്യുന്ന രീതിയാണ് ഇവിടെ. ആരോഗ്യ മാർഗ്ഗനിർദേശങ്ങൾ പാലിച്ചാണ് കാർഷിക വിളകൾ കൂടിയ വിലയ്ക്ക് വാങ്ങുന്നത്.
ഗുണമേന്മ ഉള്ള ഭക്ഷൃവസ്തുക്കളുടെ വില്പന സാധാരണ ജനങ്ങൾക്ക് വാങ്ങാൻ കഴിയുന്ന രീതിയിൽ ആണ്. നൂറുകണക്കിന് കർഷകരുടെ പ്രതീക്ഷയും ആശ്രയവുമായി ഈ കൂട്ടായ്മയിലൂടെ കാർഷിക മേഖലയിൽ വളർച്ച നേടിയവർ ഏറെയുണ്ട്. കാർഷിക മുന്നേറ്റത്തിനായി ഇന്നും നിലകൊള്ളുന്ന കാഡ്സിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് 14 ന് തുടക്കമാകും. 2001ലെ ഉദ്ഘാടന വേദിയിൽ ഉണ്ടായിരുന്ന പി ജെ ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ ആഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിലും ഒത്തുകൂടുമെന്ന് പ്രസിഡൻറ് ആന്റണി കണ്ടിരിക്കൽ പറഞ്ഞു.



