തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരുടെ ഉത്തരവ്.
ഗുരുവായൂർ ക്ഷേത്രത്തിലും നടപന്തൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുവായൂർ ക്ഷേത്രപരിസരത്ത് ശ്രീകൃഷ്ണഭക്തയാണെന്ന് അവകാശപ്പെടുന്ന മുസ്ലീം ചിത്രകാരി ജസ്ന സലിം ജന്മദിന കേക്ക് മുറിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിലാണ് റിട്ട് ഹർജി സമർപ്പിക്കപ്പെട്ടത്.