Thursday, June 18, 2026
No menu items!
Homeവാർത്തകൾക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിന്റെ 'മധുര പ്രതികാരം'

ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിന്റെ ‘മധുര പ്രതികാരം’

ഡാലസ്: ഈ ലോകകപ്പിലെ മരണ ഗ്രൂപ്പെന്നു വിളിപ്പേര് വീണ ഗ്രൂപ്പ് എല്ലില്‍ ഇംഗ്ലണ്ടിനു മിന്നും ജയത്തോടെ തുടക്കം. കരുത്തര്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ ക്രൊയേഷ്യയെ അവര്‍ 4-2നു തകര്‍ത്തെറിഞ്ഞു. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം. 12ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയും പിന്നാലെ 42ാം മിനിറ്റിലെ ക്ലിനിക്കല്‍ ഹെഡ്ഡറും താരം വലയിലിട്ടു. ജൂഡ് ബെല്ലിങ്ഹാം, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് ശേഷിച്ച രണ്ട് ഗോള്‍ വലയിലിട്ടത്. മാര്‍ട്ടിന്‍ ബറ്ററേനിയും പീറ്റര്‍ മൂസയുമാണ് ക്രൊയേഷ്യയുടെ സ്‌കോറര്‍മാര്‍. 2018ലെ ലോകകപ്പ് സെമിയിലേക്ക് പരാജയത്തിന് ഇംഗ്ലണ്ടിന്റെ മധുര പ്രതികാരം കൂടിയായി ഈ വിജയം.കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ ഗോള്‍ നേടിയത് ഇംഗ്ലണ്ടാണെങ്കില്‍ വൈകാതെ തന്നെ ക്രൊയേഷ്യ സമനില പിടിച്ചു. രണ്ടാം ഗോള്‍ നേടി ഇംഗ്ലണ്ട് മുന്നിലെത്തിയപ്പോഴും ക്രൊയേഷ്യ തിരിച്ചടിച്ചു. ഇതോടെ 2-2നാണ് ആദ്യ പകുതി പിരിഞ്ഞത്

കളി തുടങ്ങിയതു മുതല്‍ ഇരു ടീമുകളും ആക്രമിച്ചാണ് മുന്നേറിയത്. ഒന്‍പതാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ബോക്‌സില്‍ നിന്നു പന്ത് രക്ഷപ്പെടുത്താനുള്ള നീക്കത്തിനിടെ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച് ഇംഗ്ലണ്ട് താരം നോനി മദുവെകെയെ വീഴ്ത്തി. പിന്നാലെ റഫറി പെനാല്‍റ്റി വിളിച്ചു.

കിക്കെടുത്ത ഹാരി കെയ്‌നിന്റെ ഷോട്ട് ക്രൊയേഷ്യ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച് തടുത്തിട്ടു. എന്നാല്‍ ഗോള്‍ കീപ്പര്‍ മുന്നോട്ടു കയറിയാണ് പന്ത് തടുത്തതെന്ന കെയ്‌നിന്റെ വാദത്തില്‍ വാര്‍ പരിശോധന. ഇതോടെ വീണ്ടും കിക്കെടുക്കാന്‍ കെയ്‌നിനു അവസരം കിട്ടി. ഇത്തവണ പവര്‍ഫുള്‍ ഷോട്ടിലൂടെ കെയ്ന്‍ പിഴയ്ക്കാതെ പന്ത് വലയിലിട്ടു

പിന്നാലെ 36ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ സമനില ഗോള്‍. പെനാല്‍റ്റി ഏരിയയില്‍ നിന്നു പന്ത് കിട്ടിയ പീറ്റര്‍ സുചിച് പുറത്തു നിന്നു ഓടിയെത്തിയ ബറ്ററേനിയ്ക്കു പന്ത് കൈമാറുന്നു. താരത്തിന്റെ പവര്‍ഫുള്‍ ലോങ് റേഞ്ച് ഷോട്ട് നേരെ ഇംഗ്ലണ്ട് വലയുടെ ഇടതു മൂലയിലേക്ക്. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് മുഴുനീളെ ഡൈവ് ചെയ്‌തെങ്കിലും തടയാന്‍ കഴിഞ്ഞില്ല.

ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ലീഡ് തിരികെ പിടിക്കാനുള്ള ശ്രമം തുടങ്ങി. അതിവേഗമുള്ള ആക്രമണങ്ങള്‍ അവര്‍ നിരന്തരം നടത്തി. 42ാം മിനിറ്റില്‍ ഇംഗ്ലീഷ് ടീമിനു അനുകൂലമായി കോര്‍ണര്‍. ഡെക്ലന്‍ റൈസ് എടുത്ത കോര്‍ണറില്‍ നിന്നു മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കെയ്‌നിന്റെ കിടിലന്‍ ഹെഡ്ഡര്‍ ക്രൊയേഷ്യയുടെ വല തുളച്ച് ഉള്ളില്‍

2-1നു ആദ്യ പകുതിക്ക് പിരിയാമെന്നു ഇംഗ്ലണ്ട് കണക്കുകൂട്ടി നില്‍ക്കുന്നതിനിടെയാണ് ക്രൊയേഷ്യ വീണ്ടും തിരിച്ചടിച്ചത്. ഇവാന്‍ പെരിസിചിന്റെ അസിസ്റ്റില്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് പീറ്റര്‍ മൂസയുടെ ഗോള്‍. 2-2. പെരിസിചിന്റെ ഹെഡ്ഡര്‍ പാസിനെ മൂസ അതിവേഗം ഇംഗ്ലീഷ് വലയിലേക്ക് വഴി തിരിച്ചുവിട്ടു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് ലീഡ് തിരികെ പിടിച്ചു. 47ാം മിനിറ്റില്‍ എലിയറ്റ് ആന്‍ഡേഴ്‌സന്‍ നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത് ജൂഡ് ബെല്ലിങ്ഹാം അതിവേഗം ക്രൊയേഷ്യന്‍ ബോക്‌സിലേക്ക് കയറി. ഗോളി മാത്രം നില്‍ക്കെ താരം അനായാസം പന്ത് വലയിലാക്കി.

ഇംഗ്ലണ്ട് തുടരെ തുടരെ ആക്രമണങ്ങളുമായി കളം വാണു. കെയ്‌നും റൈസും നികോ ഒറെയ്‌ലിയും ക്രൊയേഷ്യക്ക് തലവേദന സൃഷ്ടിച്ചു. ഇതോടെ ക്രൊയേഷ്യയുടെ ആക്രമണത്തിനു മൂര്‍ച്ചയും കുറഞ്ഞു.

85ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ നാലാം ഗോളും വന്നു. ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തു ബുകായോ സകയുടെ പാസില്‍ നിന്നു മാര്‍കസ് റാഷ്‌ഫോര്‍ഡ് വല ചലിപ്പിച്ചു. പന്ത് സ്വീകരിച്ച് റാഷ്‌ഫോര്‍ഡ് ക്രൊയേഷ്യന്‍ ബോക്‌സിലേക്ക് കയറി പ്രതിരോധ താരങ്ങളെ വെട്ടിച്ച് പന്ത് വലയിലാക്കി. റാഷ്‌ഫോര്‍ഡിന്റെ ഷോട്ട് തടുക്കാനുള്ള ക്രൊയേഷ്യന്‍ ഗോളിയുടെ ശ്രമം വിജയിച്ചില്ല. ഒടുവില്‍ കളി സുരക്ഷിതമാക്കി ഇംഗ്ലണ്ട് വിലപ്പെട്ട 3 പോയിന്റ് പിടിച്ചെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments