തിരുവനന്തപുരം: തിരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ വില കൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലയ്ക്ക് നാളെ മുതല്‍ ലഭ്യമാക്കും. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ കാരുണ്യ ഫാർമസികളിലെ കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ് പ്രത്യേക കൗണ്ടർ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 29ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. വിലകൂടിയ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കെഎംഎസ്സിഎല്ലിന് ലഭിക്കുന്ന ഏഴു ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണു മരുന്നു വില്‍ക്കുക.
ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെയും ഓരോ ഫാര്‍മസികളിലാണു മരുന്നു വിതരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലംഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ടജനറല്‍ ആശുപത്രി, ആലപ്പുഴമെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയംമെഡിക്കല്‍ കോളജ്, ഇടുക്കിനെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളംകളമശേരി മെഡിക്കല്‍ കോളജ്, തൃശൂര്‍മെഡിക്കല്‍ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ്, വയനാട്ജില്ലാ ആശുപത്രി, കണ്ണൂര്‍പരിയാരം മെഡിക്കല്‍ കോളജ്, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികളില്‍ നിന്നാണ് കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന് ലഭിക്കുക.



