Wednesday, July 9, 2025
No menu items!
Homeവാർത്തകൾകോഴിക്കോട് ജില്ലയിൽ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തുകളായി വളയവും പെരുമണ്ണയും

കോഴിക്കോട് ജില്ലയിൽ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തുകളായി വളയവും പെരുമണ്ണയും

കോഴിക്കോട്: സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ശ്രമത്തില്‍ മുന്നില്‍ നടന്ന് കോഴിക്കോട് ജില്ല. ജില്ലയിൽ വളയം, പെരുമണ്ണ ഗ്രാമപഞ്ചായത്തുകൾ കോഴിക്കോട് ജില്ലയില്‍ ആദ്യമായി ഡിജി കേരളം പദ്ധതിയിലൂടെ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു.

വളയം ഗ്രാമപഞ്ചായത്തില്‍ 2519 പഠിതാക്കളേയും പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ 2543 പഠിതാക്കളേയും സര്‍വേയിലൂടെ കണ്ടെത്തുകയും അവര്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയില്‍ പരിശീലനം നല്‍കുകയും ചെയ്തു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍, സാക്ഷരത പ്രേരകുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

14 വയസ്സിനു മുകളിലുള്ള ജില്ലയിലെ മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജി വീക്ക് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നീളുന്ന ഡിജി വീക്ക് ക്യാമ്പയിനോടെ ജില്ലയിലെ ഡിജിറ്റല്‍ സാക്ഷരത നിരക്ക് 100 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി സര്‍വേ, പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കും.

വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വീടുകളില്‍ സര്‍വേ നടത്തി ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുകയും അവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിനുള്ള പരിശീലനം നല്‍കുന്നതുമാണ് പദ്ധതി. ജില്ലയില്‍ ഇതിനകം സര്‍വേ നടപടികള്‍ 61 ശതമാനവും ഡിജിറ്റല്‍ പരിശീലനം 21 ശതമാനവും പിന്നിട്ടതായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍ അറിയിച്ചു. ഒരാഴ്ചത്തെ ഡിജി വീക്ക് ക്യാമ്പയിൻ പൂര്‍ത്തിയാവുന്നതോടെ സര്‍വേയും പരിശീലനവും 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിജി കേരളം ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത ഡിജി കേരളം വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് സര്‍വേ, പരിശീലനം, മൂല്യനിര്‍ണയം എന്നിവ പൂര്‍ത്തിയാക്കുന്നത്.

ഡിജിറ്റൽ സാക്ഷരർ അല്ലാത്തവരെ കണ്ടെത്താൻ സർവേ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ ഡിജി കേരളം പോര്‍ട്ടലില്‍ നല്‍കുന്ന വീടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വളണ്ടിയര്‍മാര്‍ സര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി നിശ്ചിത വളണ്ടിയര്‍മാരെ വാര്‍ഡ് തലത്തില്‍ ഓണ്‍ലൈന്‍ വഴി നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് സര്‍വേയിലൂടെ കണ്ടെത്തുന്ന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവര്‍ക്ക് പരിശീലനം നല്‍കും. മൂന്ന് ഘട്ടമായി അടിസ്ഥാന സാക്ഷരതയുമായി ബന്ധപ്പെട്ട 15 കാര്യങ്ങളാണ് പരിശീലനത്തില്‍ പഠിപ്പിക്കുക. ഓരോ ഘട്ടവും പൂര്‍ത്തിയായാല്‍ ഇവരെ ഓണ്‍ലൈനായി മൂല്യനിര്‍ണയത്തിനു വിധേയമാക്കും.

മൂല്യനിര്‍ണയം വിജയിക്കാന്‍ ഒന്നിലധികം അവസരമുണ്ടാവും. ഇവ പൂര്‍ത്തിയായാല്‍ ഡിജിറ്റല്‍ പ്രോഗ്രസ് കാര്‍ഡ് ആപ്പില്‍ ലഭിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. ഡിജി വീക്ക് ക്യാമ്പയിന്‍ വഴി ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ വാര്‍ഡ് തലത്തില്‍ സജ്ജമാക്കിയതായി ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments