കൊൽക്കത്തയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ താരമായി ഇന്ത്യൻ ആർമിയുടെ റൊബോട്ടിക് നായ മ്യൂൾ. ഈ റോബോട്ടിക് നായക്ക് സഞ്ജയ് എന്നാണ് പേരിട്ടിരിക്കുന്നത്. കുത്തനെയുള്ള കുന്നുകളും കോണിപ്പടികളും കയറാൻ കഴിയുന്ന ഈ റോബോട്ടിക് നായയെ വിവിധ സൈനിക ഓപ്പറേഷനുകളിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കെമിക്കൽ-ബയോളജിക്കൽ-ന്യൂക്ലിയാർ യുദ്ധ മേഖലകളിലും വിവിധങ്ങളായ സുരക്ഷാ സാഹചര്യങ്ങളിലും ഈ റോബോട്ടിക് നായയെ ഉപയോഗിക്കാൻ കഴിയും.
റോബോട്ടിക് നായകൾക്ക് 15 കിലോഗ്രാം വരെ പേലോഡ് വഹിക്കാനും 40 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ പ്രവർത്തിക്കാനും കഴിയും. കഠിനമായ തണുപ്പ് മുതൽ മരുഭൂമിയിലെ കൊടും ചൂട് വരെയുള്ള എല്ലാ ചുറ്റുപാടുകളിലും മ്യൂളുകൾക്ക് അതിജീവിക്കാൻ കഴിയും. ആധുനിക സൈനിക പ്രവർത്തനങ്ങളിൽ റോബോട്ടിക്സ് എത്രത്തോളം സ്വാധീനം വഹിക്കുന്നു എന്നതിന്റെ തെളിവാണ് റിപ്പബ്ലിക് പരേഡിലെ മ്യൂളിന്റെ സാന്നിധ്യം.
വിദൂരമായും സന്ദർഭങ്ങൾക്കനുസരിച്ച് ഇത്തരം റോബോട്ടിക് നായ്ക്കളെ തത്സമയ തീരുമാനങ്ങളെടുക്കുന്ന രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയും. ബോംബ് നിർവ്വീര്യമാക്കൽ പോലുള്ള ഉയർന്ന അപകട സാധ്യതയുള്ള സാഹചര്യങ്ങളിലും ഉപയോഗിക്കാം. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കാനും മറ്റുമായി ഏറ്റവും നൂതനമായ സെൻസറുകളും ക്യാമറകളും ആക്യുവേറ്ററുകളുമാണ് മ്യൂളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.