കുത്താമ്പുള്ളി: കൊണ്ടാഴി പഞ്ചായത്തിനേയും തിരുവില്വാമല പഞ്ചായത്തിനേയും ബന്ധിപ്പിച്ചുകൊണ്ട് നിർമിക്കുന്ന
കൊണ്ടാഴി-കുത്താമ്പുള്ളി പാലത്തിൻ്റെ നിർമാണ പുരോഗതി വിലയിരുത്താൻ മുൻമന്ത്രി കെ.രാധാകൃഷ്ണൻ എം.പി കുത്താമ്പുള്ളിയിലെത്തി.
കെ. രാധാകൃഷ്ണൻ ചേലക്കര എം.എൽ.എ യും മന്ത്രിയുമായിരിക്കുമ്പോഴായിരുന്നു നിർമാണം തുടങ്ങിയത്.
2023 ആഗസ്റ്റ് ഒന്നിന് മന്ത്രി മുഹമ്മദ് റിയാസാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. 18 പ്രീ സ്ട്രസ് സ്ലാബുകളാണ് നിലവില്‍ പണികഴിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 33.14 കോടി രൂപ ചെലവഴിച്ചാണ് പാലത്തിൻ്റെ നിര്‍മാണം. 182 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണുണ്ടാവുക. ഗായത്രിപ്പുഴയുടെ കുറുകെ പ്രധാന പാലത്തിൽ ആറ് വലിയ സ്പാനുകളും സ്പിൽ ഓവറിന് 12 സ്പാനുകളുമാണ് വരുന്നത്. പ്രധാന പാലത്തിന് പുറമേ കുത്താമ്പുള്ളി അനുബന്ധറോഡിൽ പാടം വരുന്ന ഭാഗത്ത് പാലം ഇറിഗേഷൻ കനാലിനു മുകളിലും പാലവും അനുബന്ധ റോഡിൻ്റെയും പണികളാണ് അതിവേഗം പൂർത്തിയായി കൊണ്ടിരിക്കുന്നത്.
2025 മാര്‍ച്ചിനുള്ളില്‍ പാലം മൊത്തമായി പൂര്‍ത്തിയാകുന്നവിധത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പണി നടക്കുന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മജ തുടങ്ങിയവരും സന്നിഹിതരായിരുന്നു.



