എറണാകുളം: നിക്ഷേപ, തൊഴിൽ, ടെക്നോളജി രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി കേരളം. ആറ് ലക്ഷം പേർക്ക് തൊഴിൽ സാധ്യത തുറക്കുന്ന വൻപദ്ധതിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിശാല കൊച്ചി വികസന അതോറിട്ടിയും ( ജി സി ഡിഎ) കൊച്ചിയിലെ ഇൻഫോ പാർക്കും ചേർന്നാണ് ഈ വൻ നിക്ഷേപ, തൊഴിൽ പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നത്.
ഇന്റഗ്രേറ്റ് എ ഐ ടൗൺഷിപ്പുമായാണ് കേരളം പുതിയ കുതിപ്പിനൊരുങ്ങുന്നത്. 25,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പിന് പ്രതീക്ഷിക്കുന്നത്
ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടവികസനവുമായി ബന്ധപ്പെട്ടാണ് പദ്ധതി. ഇതിനായി ലാന്‍ഡ് പൂളിങ്ങിലൂടെ 300 ഏക്കര്‍ സ്ഥലം കണ്ടെത്തി മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ ലാന്‍ഡ് പൂളിങ് പൂര്‍ത്തിയാക്കും. ലാന്‍ഡ് പൂളിങ്ങിനായി ജി സി ഡി എ (വിശാലകൊച്ചി വികസന അതോറിറ്റി)യും ഇന്‍ഫോപാര്‍ക്കും ധാരണാപത്രം ഒപ്പുവച്ചു. സാദ്ധ്യത പഠനം, പ്രാഥമിക സര്‍വേ, മാസ്റ്റര്‍ പ്ലാൻ, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കും
ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പ് പദ്ധതിയ്ക്കായി 300 മുതല്‍ 600 ഏക്കര്‍ വരെ സ്ഥലമാണ് വേണ്ടത്. വൻകിട ആഗോള ടെക് കമ്പനികൾ, കേപ്പബിലിറ്റി സെന്ററുകൾ (ജി സി സി) എന്നിവയ്ക്ക് ആകർഷകമായ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതായിരിക്കും ഇത്.
കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകളിലായി നിര്‍ദ്ദേശിച്ചിട്ടുള്ള ഭൂമിയിലെ 75 ശതമാനം വ്യക്തിഗത ഉടമസ്ഥരുടെ അംഗീകാരം നേടേണ്ടതുണ്ട്. ലാന്‍ഡ് പൂളിങ് സ്വകാര്യ ഉടമകളുടെ ചെറിയ സ്ഥലങ്ങള്‍ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റും. ഐ ടി പാര്‍ക്കുകളും അതുമായി ബന്ധപ്പെട്ട് പൊതുസൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കും.
വികസിപ്പിച്ച ഭൂമിയുടെ ഒരുഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കും. ബാക്കി മൂല്യവര്‍ദ്ധനയോടെ ഭൂവുടമകള്‍ക്ക് തിരികെ നല്‍കും. ഇതിനായി ഭൂവുടമകളെ പദ്ധതിയുടെ നേട്ടങ്ങള്‍ ബോദ്ധ്യപ്പെടുത്തിയായിരിക്കും അവരിൽ നിന്നും ഭൂമി ഏറ്റെടുക്കുക എന്ന് ജി സി ഡി എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുശാന്ത് കുറുന്തിലും പറഞ്ഞു. ഒരുവര്‍ഷത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നേരിട്ട് രണ്ട് ലക്ഷം പേർക്കും പരോക്ഷമായി നാല് ലക്ഷം പേർക്കും തൊഴിൽ നൽകുന്ന പദ്ധതിയാണിത്. ഐ ടി സംരംഭങ്ങൾക്കായുള്ള കെട്ടിടങ്ങള്‍ക്ക് പുറമെ, 100 ഏക്കറില്‍ ടൗണ്‍ഷിപ്പ്, പാര്‍പ്പിട സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,കായിക, സാംസ്‌ക്കാരിക സംവിധാനങ്ങള്‍ ഷോപ്പിങ് മാളുകള്‍, ആംഫി തിയേറ്റര്‍, ആധുനിക ആശുപത്രി, പൊതുയിടങ്ങൾ, എന്നിവ ഇതിലുണ്ടാകും
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് തിരുവനന്തപുരത്ത് ആരംഭിച്ചതിന് ശേഷം ഇതുവരെ വിവിധ ജില്ലകളിലായി നിരവധി ഐടി പാർക്കുകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ ആഗോള കമ്പനികൾ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ജില്ലകളിലിലെ ടെക്നോ,ഇൻഫോ പാർക്കുകളിൽ അവരുടെ ക്യാമ്പസുകൾ ആരംഭിച്ചിട്ടുണ്ട്.
ടെക്നോളജി രംഗത്തെ ഭാവി വികസനത്തെ മുൻകൂട്ടികണ്ടുകൊണ്ടും കേരളത്തിലേക്ക് മനുഷ്യവിഭവശേഷിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൂടി ഉപയോഗിച്ചുകൊണ്ട് കേരളത്തിലേക്ക് വൻ തോതിൽ നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിൽ രംഗത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് ഇന്റഗ്രേറ്റഡ് എ ഐ ടൗൺഷിപ്പ് ലക്ഷ്യമിടുന്നത്.
നിലവിൽ ഇൻഫോ പാർക്കുമായി ബന്ധപ്പെട്ട് 582 കമ്പനികൾ പ്രവർത്തിക്കുന്നു. ഇവയിൽ 72,000ത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്. 11.417 കോടി രൂപയുടെ കയറ്റുമതിയാണ് ഐടി മേഖലയിൽ നിന്ന് നടത്തിയിട്ടുള്ളത്



