ന്യൂഡൽഹി: 2020 മുതൽ നിർത്തിവച്ച കൈലാസ-മാനസരോവർ യാത്രയും നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ധാരണയായി. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ സെക്രട്ടറിതല ചര്‍ച്ചയിലാണ് യാത്ര പുനരാരംഭിക്കാന്‍ തീരുമാനമായത്. യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകള്‍ പ്രകാരമുള്ള രീതികള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമായി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ചൈനീസ് സന്ദര്‍ശനത്തിലാണ് കൈലാസയാത്രയുടെ കാര്യത്തില്‍ തീരുമാനമുണ്ടായത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു.നിലവിലുള്ള കരാറുകൾ പ്രകാരമാണ് വിമാന സർവീസും മാനസരോവർ യാത്രയും വീണ്ടും ആരംഭിക്കുന്നതെന്നും നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തത്വത്തിൽ സമ്മതിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. ചർച്ചകൾ പടിപടിയായി പുനരാരംഭിക്കുന്നതിനും മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്ന് ചര്‍ച്ചയില്‍ വന്നിരുന്നു.
2020ലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാനസരോവർ യാത്ര നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷവും അതേതുടര്ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തതോടെയാണ് യാത്ര പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായത്.