Tuesday, March 10, 2026
No menu items!
Homeവാർത്തകൾകേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപി, പ്രധാനമന്ത്രി നാളെ കേരളത്തിൽ; 10,800 കോടിയുടെ വികസന...

കേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപി, പ്രധാനമന്ത്രി നാളെ കേരളത്തിൽ; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും

കൊച്ചി: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. എന്‍ഡിഎ ക്യാമ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാനും റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനത്തിനുമാണ് മോദി എത്തുന്നത്. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തേവര മുതല്‍ എംജി റോഡിലൂടെ റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കത്തിൽ തന്നെ മോദിയെ എത്തിച്ച് കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.

ഉച്ചയ്ക്ക് 1.30-ഓടെ കൊച്ചിയിൽ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫ് കർമവും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി എണ്ണശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും. 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന ഈ പദ്ധതിയുടെ പ്രതിവർഷ ഉൽപ്പാദനശേഷി 400 കിലോ ടൺ ആണ്. പാക്കേജിങ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീൻ. ഈ സൗകര്യം ഇന്ത്യയുടെ ആഭ്യന്തര പോളിമർ ഉൽപ്പാദനശേഷി വർധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു സഹായകമാകും.

റോഡ് അടിസ്ഥാനസൗകര്യമേഖലയിൽ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ് ഇതിൽ ആദ്യത്തേത്. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പാത കാസർഗോഡ്-കണ്ണൂർ ജില്ലകൾ തമ്മിലും, മംഗളൂരുവും മുഴപ്പിലങ്ങാടുമുൾപ്പെടെ, സമീപപ്രദേശങ്ങൾ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും. കാസർഗോഡ്, ബേക്കൽ, പയ്യന്നൂർ, കണ്ണൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കൽ തുറമുഖവുമായുള്ള ബന്ധം വർധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും

രണ്ടാമത്തെ പദ്ധതി ഏകദേശം 2,140 കോടി രൂപ ചെലവിൽ നിർമിച്ച വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള കോഴിക്കോടു ബൈപ്പാസിന്റെ ആറുവരിപ്പാതയാണ്. നിലവിലുള്ള വിഭജിക്കാത്ത രണ്ടുവരിപ്പാതയെ ഇരുവശങ്ങളിലും സർവീസ് റോഡുള്ള ആറുവരി ദേശീയ പാതയായാണ് ഈ പദ്ധതിയിലൂടെ ഉയർത്തുന്നത്. ഇതു ഗതാഗതക്കുരുക്കു ഗണ്യമായി കുറയ്ക്കാനും വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കാനും റോഡുസുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും. ഈ ദൂരപരിധിയിലുള്ള യാത്രാസമയം ഒരുമണിക്കൂറിലധികം എന്നതിൽനിന്ന് ഏകദേശം 15–20 മിനിറ്റായി കുറയുമെന്നു പ്രതീക്ഷിക്കുന്നു. കോഴിക്കോട് ബീച്ച്, ബേപ്പൂർ തുറമുഖം, കാപ്പാട് ബീച്ച് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും ഈ പദ്ധതി കരുത്തേകും.

പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഈ റോഡുകൾ ഗ്രാമീണ-മലയോര മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും. കൂടാതെ കമ്പോളങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിലവസരങ്ങൾ എന്നിവയിലേക്കു മികച്ച സൗകര്യം ഉറപ്പാക്കാനും അതുവഴി ഗ്രാമീണ ഉപജീവനമാർഗങ്ങൾ കരുത്തുറ്റതാക്കാനും ഇതു സഹായിക്കും. അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കുകീഴിൽ പുനർവികസിപ്പിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ മൂന്നു റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളോടും പ്രവേശനക്ഷമതയോടുംകൂടിയാണ് ഈ സ്റ്റേഷനുകൾ ആധുനികവൽക്കരിച്ചത്. പ്രാദേശിക വാസ്തുവിദ്യാഘടകങ്ങൾ ഉൾക്കൊള്ളുന്നതോടൊപ്പം, യാത്രക്കാർക്കായി ആധുനികവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ ഇടങ്ങൾ ഒരുക്കുന്നതാണ് ഈ പുനർവികസനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments