തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പുതുയുഗ യാത്ര സമാപന സമ്മേളനത്തിലാണ് കേരളത്തിനായി 5 ഗ്യാരൻ്റികൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്രയും കോളേജ് വിദ്യാർഥിനികൾക്ക് ധനസഹായവും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി,സാമൂഹിക ക്ഷേമ പെൻഷൻ വർദ്ധനവ്, യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പുതുയുഗ യാത്ര സമാപന സമ്മേളനംരാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും രാഹുൽ ഗാന്ധിി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോൾ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. അതുപോലെ കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് മോദിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റികൾ
സ്ത്രീകൾക്ക് കെഎസ്ആര്ടിസിയില് സൗജന്യ യാത്ര.ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോളജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം.
സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കും.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ.
സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ.
കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും.



