കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാൽ ദുൽഹിജ് ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂൺ ആറിനായിരിക്കുമെന്നും ബലി പെരുന്നാൾ ജൂൺ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു. ചൊവ്വാഴ്ച മാസപ്പിറവി കാണാത്തതിനാൽ ബുധനാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി വ്യാഴാഴ്ച ദുൽഹിജ് ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ്‌ലിം സമൂഹം ത്യാഗസ്മരണകളുമായി ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്തർ പ്രഖ്യാപിച്ചത്.ദുൽഹ 9ാം ദിവസം മുതൽ 13ാം ദിവസം വരെയാണ് അവധി ലഭിക്കുക. രാജ്യത്തിന്റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയിരുന്നു.



