കേരളത്തിൽ മോട്ടോർ വാഹനവകുപ്പിനുവേണ്ടി തയ്യാറാക്കിയ എ.ഐ സാങ്കേതികവിദ്യയോടുകൂടിയ ട്രാഫിക് സംവിധാനങ്ങളുടെ മികവിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ കെൽട്രോണിന് 197 കോടിയുടെ ടെൻഡർ ലഭിച്ചു. രാജ്യത്തെ പ്രമുഖ കമ്പനികളോട് മത്സരിച്ചാണ് കെൽട്രോണിന് പദ്ധതി ലഭിച്ചത്. നാഗ്‌പുർ നഗരത്തിൽ 11 ട്രാഫിക് കേന്ദ്രങ്ങളടക്കം 171 ജങ്ഷനുകളിൽ ഇന്റലിജന്റ്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെൻ്റ് സംവിധാനം സ്ഥാപിക്കും. 15 മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കുമെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു.
തിരുവനന്തപുരം കെൽട്രോണിൻ്റെ ട്രാഫിക് സിഗ്‌നൽ ഡിവിഷനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. അടിസ്ഥാനസൗകര്യങ്ങളടക്കം കെൽട്രോൺ ഒരുക്കും അഞ്ചുവർഷത്തേക്കുള്ള പ്രവർത്തനത്തിൻ്റെയും അറ്റകുറ്റപ്പണികളുടെയും ചുമതലയും കെൽട്രോണിനായിരിക്കും. ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗം, നോ പാർക്കിങ്, സിഗ്‌നൽ സംവിധാനം ലംഘിക്കൽ, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയവ കണ്ടെത്തി പിഴയടയ്ക്കാനായി ചെലാനുകൾ തയ്യാറാക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനായി കെൽട്രോൺ സംഘം നാഗ്‌പുരിലെത്തി ഏതൊക്കെ രീതിയിലാണ് സ്ഥാപിക്കേണ്ടത് എന്നതും ചെലവാകുന്ന തുകയും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് നാഗ്‌പുർ മുനിസിപ്പൽ കോർപ്പറേഷനുനൽകും. പദ്ധതി നടപ്പിലാക്കാനുള്ള താത്കാലിക ഓഫീസിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.
സെൻസർ സംവിധാനത്തിലാണ് ഇത് പൂർത്തിയാക്കുക. സെൻസർ ഉപയോഗിച്ച് 165 ട്രാഫിക് സിഗ്‌നലുകൾ പ്രവർത്തിപ്പിക്കുന്നതോടെ ഗതാഗതസംവിധാനത്തിൽ വലിയമാറ്റങ്ങളാണുണ്ടാകുക വാഹനത്തിരക്കനുസരിച്ച് ഗതാഗതം ക്രമീകരിക്കാൻ ഈ സെൻസർ സംവിധാനത്തിന് സാധിക്കും. പദ്ധതി വിജയകരമായി പൂർത്തീകരിച്ചാൽ ഇന്ത്യയിൽ മറ്റിടങ്ങളിലും കെൽട്രോണിന് അവസരമൊരുങ്ങും.