തിരുവനന്തപുരം: അയർലൻഡ് ആസ്ഥാനമായുള്ള സെമി കണ്ടക്റ്റർ നിർമാണ കമ്പനിയായ ട്രാസനയുടെ പുതിയ ഓഫിസ് ടെക്നോപാർക്ക് ഫേസ്-4ൽ (ടെക്നോസിറ്റി) തുറന്നു. വ്യവസായ മന്ത്രി പി. രാജീവ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെമി കണ്ടക്റ്റർ നിർമാണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ കമ്പ നിയാണിത്.
തൊഴിൽ വൈദഗ്ധ്യത്തിലാണ് കേരളത്തിലെ ഐടി മേഖല, അതിനാൽ ഇവിടെ പ്രവർത്തനം ആരംഭിച്ച ആഗോള കമ്പനികൾ ജീവനക്കാരെ കേരളത്തിൽ നിന്നു തന്നെ കണ്ടെത്തുന്നു. അതിനാലാണ് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെക്നോപാർക്കിൽ ട്രാസന പുതിയ ഓഫിസ് ആരംഭിക്കുന്നത് കൂടുതൽ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ വഴിയൊരുക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
കേരളത്തിൽ നിന്ന് സെമി കണ്ടക്റ്റർ ചിപ്പുകൾ നിർമിക്കാൻ പദ്ധതിയിടുന്നുവെന്നും ഇതിനായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രാസ് ടെക്നോളജീസ് സൊല്യൂഷൻസ് ഗ്രൂപ്പ് സിഇഒ സ്റ്റെഫാൻ ഫണ്ട് പറഞ്ഞു, രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ ആരംഭിക്കും. വരും വർഷങ്ങളിൽ റിസർച്ച് & ഡെവലപ്മെന്റ്റ് വിങും നിർമാണ സൗകര്യവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിപ്പുറം ടെക്നോസിറ്റി ക്യാംപസിലെ കബനി കെട്ടിട ത്തിലാണ് ട്രാസ്നയുടെ ഓഫിസ് പ്രവർത്തിക്കുക. സ്ഥിരം ക്യാംപസ് നിർമാണം പുരോഗമിക്കു മ്പോൾ തന്നെ ലാബുകൾ സ്ഥാപിച്ച് കബനി കെട്ടിടത്തിലെ താത്കാലിക സംവിധാനത്തിൽ ട്രാസ്ന പ്രവർത്തനം തുടങ്ങും. രണ്ടേക്കർ സ്ഥലത്ത് ഒരുങ്ങുന്ന ട്രാസ് ടെക്നോസിറ്റിയിലെ ആദ്യത്തെ വലിയ നിക്ഷേപമാണ്. ഇതിൻ്റെ ആദ്യഘട്ട ബ്ലോക്കിന്റെ നിർമാണം ജനുവരിയിൽ ആരംഭിക്കും. രണ്ട് ലക്ഷം ചതുരശ്ര അടിയിലാണിത്. 2025 ഡിസംബറിൽ പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തൽ. തുടക്കത്തിൽ 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ട്രാസന പ്രതീക്ഷിക്കുന്നു.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെഎസ്ഐഡിസി മാനെജിങ് ഡയറക്റ്റർ എസ്. ഹരികിഷോർ, എക്സിക്യൂട്ടിവ് ഡയറക്റ്റർ ആർ. ഹരികൃഷ്ണൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. എ. മുജീബ് എന്നിവർ പങ്കെടുത്തു.