ഒല്ലൂക്കര: സമഗ്ര ശിക്ഷ കേരള ബി ആർ സി ഒല്ലൂക്കരയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിപ്രകാരം പ്രീ പ്രൈമറി കുട്ടികൾക്കായി നടപ്പിലാക്കുന്ന 10 ലക്ഷം രൂപയുടെ പ്രോജക്ട് ആണ് വർണ്ണ കൂടാരം. പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വെറുതെ ക്ലാസ് റൂമിൽ ഇരുന്ന് പഠിക്കുന്നതിന് പകരം രണ്ട് ക്ലാസ് മുറികളിൽ ആയി ഒരുക്കിയിട്ടുള്ള 13 ഇടങ്ങളിൽ നിന്നും കുട്ടികൾ നേടേണ്ട ശേഷികൾ ആർജ്ജിക്കാൻ അതോടൊപ്പം പഠിക്കാനും കളിക്കാനും എല്ലാ സൗകര്യങ്ങളുംഈ പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്.
ഭാഷാ വികസന ഇടം, കുഞ്ഞരങ്ങ്,ആട്ടവും പാട്ടും, ഗണിത ഇടം, ശാസ്ത്രയിടം, പഞ്ചേന്ദ്രിയ അനുഭവം തുടങ്ങി 13 ഇടങ്ങൾ ക്ലാസ് റൂമിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഇരിക്കാൻ ഉള്ള മനോഹരമായ ഫർണിച്ചറുകളും ഈ പദ്ധതിയുടെ ഭാഗം തന്നെ ആണ്. ക്ലാസ് മുറിക്ക് പുറത്തായി ഹരിതോദ്യാനം, പുറം കളിയിടം, പഞ്ചേന്ദ്രിയ അനുഭവഇടം തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
ഈ പദ്ധതിയുടെ ഉദ്ഘാടനം GJBS മതിക്കുന്ന് സ്കൂളിൽ ഇന്നലെ ബഹുമാനപ്പെട്ട റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ നിർവഹിച്ചു. പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമഗ്ര ശിക്ഷ കേരളയുടെ മറ്റൊരു പ്രോജക്ട് ആയ ബാല പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ബഹുമാനപ്പെട്ട ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ രവിയാണ് ബാല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചേർപ്പ് സ്വദേശിയായ ശ്രീ സിജേഷ് ആറാട്ടുപുഴയാണ് മനോഹരമായ ഈ വർണ്ണ കൂടാരത്തിന്റെ ശില്പി.