കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ 2025-26 അധ്യയന വര്‍ഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.cukerala.ac.in സന്ദര്‍ശിച്ച് ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. മൂന്നുവര്‍ഷ ബിരുദത്തിനുശേഷം 55 ശതമാനം മാര്‍ക്കോടെ രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദം/ നാലുവര്‍ഷ ബിരുദത്തിനുശേഷം 55 ശതമാനം മാര്‍ക്കോടെ ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദം/75 ശതമാനം മാര്‍ക്കോടെ നാലുവര്‍ഷ ബിരുദം/ 55 ശതമാനം മാര്‍ക്കോടെ എം.ഫില്‍/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയില്‍ ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത.സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കില്‍ അഞ്ചുശതമാനം ഇളവുണ്ടാകും. ജെ.ആര്.എഫ്/ സര്‍ക്കാര്‍ ഏജന്‍സികളുടെ സമാനമായ ഫെലോഷിപ്പുകള്‍/ നെറ്റ്/ഗേറ്റ് എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. വിവിധ വിഭാഗങ്ങളിലായി 230 ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.



