തിരുവനന്തപുരം: ഇന്ന് ചേർന്ന മന്ത്രിസഭായോഗം കേരള കയറ്റുമതി പ്രോത്സാഹന നയം 2025 അംഗീകരിച്ചു. പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നതെന്ന് കേരള സർക്കാർ അറിയിച്ചു.
കയറ്റുമതി പ്രോത്സാഹനനയത്തിന്റെ ദൗത്യങ്ങൾ
സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രസ്ഥാനം എന്നിങ്ങനെയുള്ള സവിശേഷശക്തികളെ കേരളം തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി കയറ്റുമതി സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. നിലവിലുള്ള കയറ്റുമതി യൂണിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കും.
വിവിധ മേഖലകളിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ച് നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും, വ്യവസായം, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലുള്ള സഹകരണം നുഗമമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹനനയം ലക്ഷ്യമിടുന്നു. ഇതുവഴി നൂതനമായ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആഗോള വിപണി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അത്യാധുനിക ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.
അന്താരാഷ്ട്ര വ്യാപാരത്തിൽ സുസ്ഥിരതയുടെ പ്രാധാന്യവും ESG സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനുള്ള ദീർഘകാല നയ തീരുമാനവും തിരിച്ചറിഞ്ഞ് പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കുന്നതിന് ഊന്നൽ നൽകും.
കയറ്റുമതി അധിഷ്ഠിത ബിസിനസുകൾക്ക് കരുത്തുറ്റതും പിന്തുണ നൽകുന്നതുമായ ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കും. ഭരണപരമായ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതും വ്യാപാര സുഗമമാക്കൽ നടപടികൾ വർധിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമവും കാര്യക്ഷമവുമായ ചലനം ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്സ്, ഗതാഗതം, കണക്ടിവിറ്റി എന്നിവ ഉൾപ്പെടെയുള്ള ലോകോത്തര അടിസ്ഥാന കാര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും.
പരമ്പരാഗത മേഖലകൾക്കകത്തും പുറത്തുമുള്ള പുതിയ കയറ്റുമതി അവസരങ്ങളും സാധ്യതയുള്ള വിപണികളും സർക്കാർ കണ്ടെത്തും. വിപണി പ്രവേശനം സുഗമമാക്കുക, വ്യാപാര ദൗത്യങ്ങൾ നടത്തുക, അന്താരാഷ്ട്ര വ്യാപാര മേളകളിൽ പങ്കെടുക്കുക, വിപണി ഗവേഷണത്തെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിടുന്നു.