ജയ്പൂര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ 20 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ദൗസ ജില്ലയിലെ ബാന്‍ഡികുയി മേഖലയില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. കുഴല്‍ക്കിണറില്‍ വീണ കുട്ടി 26 അടി താഴ്ചയില്‍ കുടുങ്ങുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് കുഴിയില്‍ വീണ നീരു ഗുര്‍ജറിനെ രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.
31 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന് സമീപം മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിക്ക് അരികില്‍ എത്തിയത്. തുടര്‍ന്ന് 20 അടി നീളമുള്ള പൈപ്പ് കടത്തിവിട്ടാണ് കുട്ടിയെ പുറത്തെത്തിച്ചതെന്നും അധികൃതര്‍ പറയുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



