കുറവിലങ്ങാട്: കുറവിലങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവം ഹർഷം 2024 നവംബർ 13, 19, 20,21 തിയതികളിൽ കുറവിലങ്ങാട് നസ്രത്തുഹിൽ ഡി പോൾ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കും. 9 പഞ്ചായത്തുകളിൽ നിന്നുമായി 103 സ്ക്കൂളുകളിൽ നിന്നും 5000-ൽ പരം വിദ്യാർത്ഥികൾ കലോത്സവത്തിൽ മത്സരാർത്ഥികളായി പങ്കെടുക്കും. പുതിയതായി ഉൾപ്പെടുത്തിയ 5 ഗോത്രകലകൾ ഉൾപ്പെടെ 251 മത്സര ഇനങ്ങൾ 13 വേദികളിലായി നടത്തും.
പ്രധാന കലോത്സവ വേദിയായ നസ്രത്തു ഹിൽ ഡി പോൾ ഹയർ സെക്കൻ്ററി സ്ക്കൂൾ കൂടാതെ കളത്തൂർ ഗവ.യു.പ സ്ക്കൂൾ, സെൻ്റ് മേരീസ് എൽ.പി.എസ് കളത്തൂർ എന്നിവിടങ്ങളിലും വേദിയൊരുക്കും. നവംബർ 13ന് എൽ പി, യുപി’, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ ചിത്രരചന, കഥാ കവിതാ രചന ഉപന്യാസം, കാർട്ടൂൺ, ബാൻ്റ് മേളം, ചെണ്ടമേളം മത്സരങ്ങൾ നടക്കും. മറ്റു മത്സരങ്ങൾ 19.,20, 21 തിയതികളിലായിട്ടാണ് ക്രമികരിച്ചിരിക്കുന്നത്.
ഔദ്യോഗിക ഉദ്ഘാടനം നവംബർ 13ന് രാവിലെ 9.30ന് ഡി പോൾ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘാടക സമിതി ചെയർപേഴ്സൺ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിൽ അഡ്വ.മോൻസ് ജോസഫ് എം.എൽ എ നിർവ്വഹിക്കും. സിനിമ നടനും സംവിധായകനുമായ ദിലീഷ് പോത്തൻ കലാമേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുടങ്ങിയ ജനപ്രതിനിധികൾ പ്രസംഗിക്കും. കലോത്സവ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സംഘാടക സമിതി ചെയർപേഴ്സൺ മിനി മത്തായി, ജനറൽ കൺവീനർ ഫാ.ഡിനിൽ ജോൺ പുല്ലാട്ട് V C, എ.ഇ.ഒ ഡോ. കെ.ആർ ബിന്ദുജി, പ്രോഗ്രാം കമ്മറ്റി കൺവീനർ രാജു വി.എം, പബ്ലിസിറ്റി കൺവീനർ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിൻസി മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.