വെള്ളൂർ: കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യ കരിപ്പാടം യൂണിറ്റ്, കരിപ്പാടം ആർ ബി കെ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുങ്ഫു പരിശീലനത്തിന് തുടക്കമായി. സാമ്പത്തികമില്ലാത്തതിൻ്റെ പേരിൽ താൽപര്യമുള്ള കുട്ടികൾക്ക് ആയോധനകല അഭ്യസിക്കാനുള്ള സൗകര്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
സാമ്പത്തികമായി പിന്നോക്കമായവർക്ക് തികച്ചും സൗജന്യമായും മറ്റുള്ളവർക്ക് ഫീസിളവോടെയാണ് കുങ്ഫുഅഭ്യസനം. വെള്ളൂർ ആർ ബി കെ ഫൗണ്ടേഷൻ ഹാളിൽ മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക ശാരീരിക വളർച്ച ഏകാഗ്രത തുടങ്ങിയവയ്ക്ക് കുങ്ഫു, യോഗ തുടങ്ങിയവ അഭ്യസിക്കുന്നത് ഏറെ ഗുണപ്രദമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.സി.തോമസ് അഭിപ്രായപ്പെട്ടു. മുഖ്യ പരിശീലകൻ ബിജുരാഘവൻ അധ്യക്ഷത വഹിച്ചു.
ആർബി കെ ഫൗണ്ടേഷൻ ചെയർമാൻ പി.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. ആർ ബി കെ ഫൗണ്ടേഷൻ കോ-ഓർഡിനേറ്ററും തലയോലപറമ്പ് പഞ്ചായത്ത് അംഗവുമായ ഡൊമിനിക്ക് ചെറിയാൻ, പരിശീലകൻ ഉണ്ണികൃഷ്ണൻ പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പരിശീലന പരിപാടികൾക്ക് അനന്തകൃഷ്ണൻ് ,ഗാംഗുലി , പരാഗ് വ്യാസ, പ്രദീപ്, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി. വൈക്കത്ത് നിന്ന് 2023 ബാച്ചിൽ ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കിയ ബിയങ്കബിബിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശീലനം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9847128126 എന്ന നമ്പറിൽ ബന്ധപ്പെടണം.