തിരുവനന്തപുരം: വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ കൂടുതൽ ഏറ്റെടുക്കുന്നതിനും കിഫ്ബിയെ വരുമാനമുള്ള സ്ഥാപനമാക്കി മാറ്റുന്നതിനുമുള്ള കൂടുതൽ പരിശ്രമങ്ങളും പഠനങ്ങളും നടത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. വരുമാനം ലക്ഷ്യമിട്ട് കിഫ്ബി റോഡുകളിൽ ടോൾ പിരിവ് തുടങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബജറ്റിൽ വരുമാനം ഉണ്ടാക്കേണ്ട ആവശ്യകത സംബന്ധിച്ച നിലപാട് ഇടംപിടിച്ചിരിക്കുന്നത്. കിഫ്ബി രൂപീകരിച്ച വേളയിൽ തന്നെ വരുമാനം ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കണമെന്ന് വിലയിരുത്തിയിരുന്നുവെന്ന് ബജറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കിഫ്ബിയുടെ പ്രവർത്തന മൂലധനത്തിൻ്റെ ഒരുഭാഗം സർക്കാരിൽ നിന്ന് ബജറ്റ് വിഹിതമായി ലഭിക്കുന്നുണ്ടെങ്കിലും വലിയൊരു ഭാഗം കടമെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് വരുമാനമുള്ള കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനുള്ള പഠനം നടത്തുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.