കായംകുളം : കായംകുളത്തെ പ്രഥമ സ്വകാര്യ എഫ് എം റേഡിയോ നിലയത്തിൽ നിന്നുള്ള സംപ്രേക്ഷണം ഒക്ടോബർ 31 ന് ആരംഭിക്കും. മാവേലിക്കര രൂപതയുടെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയിലാണ് എഫ് എം നിലയം പ്രവർത്തനം തുടങ്ങുന്നത്. സിനിമ സീരിയൽ താരം രശ്മി അനിൽ സ്വിച്ച് ഓൺ കർമ്മം നടത്തി ചേതന എഫ് എം 90. 8 ഉദ്ഘാടനം ചെയ്യും.
റേഡിയോ ആപ്പ് കായംകുളം എംഎൽഎ യു. പ്രതിഭയും റേഡിയോ യൂട്യൂബ് രൂപത പ്രോക്യൂറേറ്റർ റവ.ഫാദർ റോബർട്ട് പാലവിളയിലും ഉദ്ഘാടനം ചെയ്യും. മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചേതന എഫ് എം ഡയറക്ടർ റവ. ഫാ. ജെയിൻ തെങ്ങുവിളയിൽ സ്വാഗതം പറയും. ഇതോടനുബന്ധിച്ച് നടക്കുന്ന ഇൻഫാം കർഷക സംഗമം ഇൻഫാം ദേശീയ ചെയർമാൻ റവ. ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ കാർഷിക കമ്മിറ്റി രൂപീകരണം, ഹരിതം സീസൺ ഷോപ്പ് ഉദ്ഘാടനം എന്നിവയും നടക്കും. കറ്റാനം ജില്ലാ വികാരി റവ.ഫാ. ജോസ് വെൺമാലോട്ട് പൊതുസമ്മേളനത്തിൽ അധ്യക്ഷനാകും. ചേതന ഡയറക്ടർ ഫാ.ഡോ. ഫ്രാൻസിസ് പ്ലാവറകുന്നിൽ, ഇൻഫാം സംസ്ഥാന സമിതി ചെയർമാൻ റവ.ഫാ.ജോർജ് പൊട്ടയ്ക്കൽ, റവ.ഫാ. ഫിലിപ്പ് ജമ്മത്തു കളത്തിൽ എന്നിവർ സംസാരിക്കും.
22 കിലോമീറ്റർ ചുറ്റളവ് ദൂരപരിധിയിൽ രാവിലെ ആറ് മുതൽ രാത്രി എട്ടു വരെയാണ് തുടക്കത്തിൽ എഫ് എം പരിപാടികൾ ലഭ്യമാവുക. പ്രഭാത ചിന്തകൾ, ബൂസ്റ്റർ ചായ, എല്ലാ മതങ്ങളിലേയും ആത്മീയ ഗാനങ്ങൾ എന്നിവയ്ക്കൊപ്പം ആറോളം റേഡിയോ ജോക്കിമാരുടെ വ്യത്യസ്ത പരിപാടികളും എഫ് എമ്മിലൂടെ കേൾക്കാം. കൂടാതെ പട്ടണത്തിലെ ട്രാഫിക് സംബന്ധിച്ച വിവരങ്ങൾ ,വൈദ്യുത- റെയിൽവേ അറിയിപ്പുകൾ, പ്രാദേശിക ഉത്സവ വാർത്തകൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
24 മണിക്കൂറും പരിപാടികളുമായി ശ്രോതാക്കളിലേക്ക് എത്താൻ വേണ്ട അത്യാധുനിക ശബ്ദ ക്രമീകരണങ്ങൾ എഫ് എം സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുണ്ട്. കായംകുളത്തിന്റെ നാളെയുടെ ശബ്ദമായി റേഡിയോ മാറുമെന്ന് എഫ് എം ഡയറക്ടർ റവ. ഫാ. ജെയിൻ തെങ്ങുവിളയിൽ, ചേതന ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് പ്ലാവറകുന്നിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



