Tuesday, July 8, 2025
No menu items!
Homeവാർത്തകൾകാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെ ഗവർണർ ജനറൽ മേരി സൈമൺ മാർക്ക് കാർണിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായാണ് സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ അമ്പത്തിയൊമ്പതുകാരൻ കാർണി അധികാരമേറ്റത്. ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങിൽ എത്തി. എന്നാൽ രാജിവച്ച ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയില്ല എന്നത് ശ്രദ്ധേയമായി.

കാർണി മന്ത്രിസഭയിൽ 24 അംഗങ്ങളാണുള്ളത്. ട്രൂഡോ സർക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കി. എന്നാൽ ചില പ്രമുഖരെ നിലനിർത്തിയിട്ടുമുണ്ട്. മെലണി ജോണി വിദേശകാര്യ മന്ത്രിയാകും. ട്രൂഡോ സർക്കാരിലെ ധനമന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക് പുതിയ അന്താരാഷ്‌ട്ര വ്യാപാര മന്ത്രിയാകും. ഫ്രാൻസ്വാ ഫിലിപ്പെയാകും പുതിയ ധനമന്ത്രി. 2 ഇന്ത്യൻ വംശജരും മന്ത്രിസഭയിലുണ്ട്. അനിത ആനന്ദ് മിനിസ്ട്രി ഓഫ് ഇന്നോവേഷൻ ശാസ്‌ത്ര – വ്യവസായ മന്ത്രിയാകും. കമൽ ഖേരക്ക് തന്ത്ര പ്രധാനമായ ആരോഗ്യ മന്ത്രിയാകും.

ട്രംപിന്‍റെ തീരുവ യുദ്ധം തുടരുന്നതിനിടെ കടുത്ത ട്രംപ് വിരോധിയായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായെത്തിയത് വ്യാപാര യുദ്ധം കനപ്പിക്കാനാണ് സാധ്യത. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം ഏറ്റവും വഷളായിരിക്കുന്ന സാഹചര്യത്തിൽ കാർണിയുടെ ഇടപെടൽ എന്താകും എന്നതും കണ്ടറിയണം. യൂറോപ്പുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കാനുള്ള നീക്കത്തിലാണ് കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയെന്ന് വ്യക്തമാണ്. അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദർശിക്കാൻ കാർണി തീരുമാനിച്ചിട്ടുണ്ട്. യു കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെത്തുന്ന കാർണി, യു കെ പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്‍റ് എന്നിവരുമായും ചർച്ചകൾ നടത്തുമെന്ന് വ്യക്തമായിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര തർക്കമാകും കൂടിക്കാഴ്ചകളിൽ മുഖ്യ വിഷയമാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments