ന്യൂഡൽഹി : ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിൽ അജ്ഞാതരോഗം പടരുന്നു. കുഞ്ഞുങ്ങളടക്കം ഇതുവരെ 15 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. ബാക്ടീരിയ മൂലമുള്ള പകർച്ചവ്യാധിയല്ലെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ടെങ്കിലും മരണകാരണം കണ്ടെത്തിയിട്ടില്ല. ജമ്മുവിലെ ആശുപ്രതിയിലുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഭക്ഷണം, വെള്ളം എന്നിവയിൽനിന്നാണോ രോഗബാധയെന്ന് കണ്ടെത്താൻ പരിശോധന ശക്തമാക്കി.
ഡിസംബർ ഏഴുമുതലാണ് ബുദാൽ ഗ്രാമത്തിൽ കൂട്ടമരണം റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ഒന്നിച്ച് ഭക്ഷണം കഴിച്ച ഏഴംഗ കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. ഡിസംബർ 12ന് ഒരുമിച്ച് ഭക്ഷണം കഴിച്ച ഒമ്പതംഗ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. അന്ന് തന്നെ മറ്റൊരു പത്തംഗ കുടുംബത്തിലെ ആറുകുട്ടികളടക്കം ആശുപ്രതിയിലായി. ആരോഗ്യമന്ത്രി സക്കീന ഇറ്റുവിന്റെ നേതൃത്വത്തിൽ മന്ത്രിമാർ ഗ്രാമത്തിലെത്തി. ആരോഗ്യവകുപ്പ് ഭക്ഷണം, വെള്ളം എന്നിവയുടെ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. ഒന്നിലധികം ജൈവ സാമ്പിളുകളിൽ വിഷാംശം കണ്ടെത്തിയതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.